| Friday, 23rd June 2023, 4:30 pm

ലക്ഷദ്വീപില്‍ 26,000 കോടി ചിലവിട്ട് ജയില്‍ ഉണ്ടാക്കുമെന്നാണ് പറയുന്നത് എന്തിന്? പുഴുങ്ങി തിന്നാനോ? ആദ്യം ആശുപത്രി നിര്‍മിക്കൂ: ഐഷ സുല്‍ത്താന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചികിത്സക്കായി ലക്ഷദ്വീപിന് കേരളത്തെ ആശ്രയിക്കേണ്ടി വരുന്നെന്നും ലക്ഷദ്വീപില്‍ നല്ല ഹോസ്പിറ്റലോ ഡോക്ടര്‍മാരോ വേണ്ട ഉപകരണമോ ഇല്ലെന്നും സംവിധായിക ഐഷ സുല്‍ത്താന. താനും ഒരു സാധാരണക്കാരി ആയിരുന്നെന്നും തന്റെ പിതാവിനും അനിയനും ഉണ്ടായ അനുഭവമാണ് തന്റെ കണ്ണ് തുറപ്പിച്ചതെന്നും അവര്‍ പറഞ്ഞു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐഷ സുല്‍ത്താന.

‘ലക്ഷദ്വീപില്‍ നല്ല ഹോസ്പിറ്റലോ ഡോക്ടര്‍മാരോ ഉപകരണങ്ങളോ ഇല്ല. എല്ലാ കാര്യത്തിനും കേരളത്തെ ആശ്രയിക്കേണ്ടി വരുന്നു. ഒരു ചെറിയ മുറിവുണ്ടായി കഴിഞ്ഞാല്‍ പച്ചക്കാണ് സ്റ്റിച്ച് ചെയ്യുന്നത്. എന്റെ അനിയന്റെ കാലൊക്കെ സ്റ്റിച്ച് ചെയ്യുന്നത് ഞാന്‍ കണ്ടതാണ്. ഇന്നവന്‍ ജീവനോടെ ഇല്ല, ഉണ്ടായിരുന്നെങ്കില്‍ എനിക്ക് ഇത്രയും ബുദ്ധിമുട്ട് ഉണ്ടാകില്ലായിരുന്നു. അവന്‍ എന്നെക്കാളും നന്നായിട്ട് സംസാരിക്കാനും പ്രതികരിക്കാനും അറിയുന്ന ഒരാളാണ്. അവനെ പച്ചക്ക് സ്റ്റിച്ച് ചെയ്യുന്നത് കണ്ട ഒരു സിസ്റ്ററാണ് ഞാന്‍. എന്റെ അവസ്ഥ ഇതാണെന്ന് പറഞ്ഞ് എനിക്ക് പ്രതികരിക്കാം,’ അവര്‍ പറഞ്ഞു.

തന്റെ അനുഭവം ദ്വീപിലെ മറ്റൊരാള്‍ക്കും വരരുതെന്നാണ് താന്‍ ആഗ്രഹിച്ചതെന്നും കപ്പലൊക്കെ ഇന്നിപ്പോള്‍ വെട്ടിക്കുറക്കുമ്പോള്‍ തങ്ങള്‍ എങ്ങനെയാണ് ചികിത്സക്കായി പോകുകയെന്നും ഐഷ ചോദിച്ചു.

‘എന്റെ വാപ്പയെ 13 ദിവസം ഇവാക്വേഷന്‍ പോലും നിഷേധിച്ച് അവിടെ ഹോസ്പിറ്റലില്‍ കിടത്തിയിട്ടുണ്ട്. എന്റെ വാപ്പാക്ക് അറ്റാക്ക് ആയിരുന്നു. ഡോക്ടര്‍ പറഞ്ഞത് മൂത്രത്തില്‍ പഴുപ്പാണ് എന്നായിരുന്നു. കേരളത്തില്‍ എത്തിച്ച എന്റെ വാപ്പയുടെ അവസ്ഥ കണ്ടിട്ട് ഡോക്ടര്‍മാര്‍ ചോദിച്ചത് എന്ത് വിവരമില്ലാത്ത ആളുകളാണ് അവരെന്നാണ്. അവരെന്താണ് ചെയ്തിരിക്കുന്നത് ഈ ശരീരത്തെ, ഒരു മനുഷ്യനല്ലേ എന്ന് ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ നിസാഹായവസ്ഥയോടെ നോക്കി നിന്ന കുട്ടിയാണ് ഞാന്‍. വേറൊരാള്‍ക്ക് ദ്വീപില്‍ ആ അനുഭവം വരരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. കേരളത്തിലേക്ക് വരണമെങ്കില്‍ ഇതേ ഇവാക്വേഷനാണ് ഞങ്ങള്‍ നോക്കുന്നത്. അല്ലെങ്കില്‍ കപ്പല്‍ മാര്‍ഗം വരണം. ഇന്നിപ്പോള്‍ ഈ കപ്പലൊക്കെ വെട്ടിക്കുറക്കുമ്പോള്‍ ഞങ്ങള്‍ എങ്ങനെ വരും. എന്റെ കണ്ണ് തുറക്കാനുള്ള കാരണം എന്റെ വാപ്പയുടെയും അനിയന്റെയും അനുഭവം വന്നത് കൊണ്ടാണ്. അത് വരെ ഞാനും ഒരു സാധാരണക്കാരി ആയിരുന്നു,’ ഐഷ സുല്‍ത്താന പറഞ്ഞു.

വികസനം വരുമ്പോള്‍ ആദ്യം വേണ്ടത് ആ നാടിന് ആവശ്യമുള്ള കാര്യങ്ങളാണെന്നും ജനങ്ങളെ കൊല്ലാകൊല ചെയ്ത് കൊണ്ട് എന്ത് വികസനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അവര്‍ ചോദിച്ചു.

‘ഞങ്ങള്‍ അടിസ്ഥാന ആവശ്യങ്ങളാണ് ചോദിക്കുന്നത്, അവരുടെ ഔദാര്യമല്ല. ഇവര്‍ ഞങ്ങള്‍ക്ക് ഔദാര്യം തരുന്ന പോലെയാണ് 50000 രൂപയുടെ നെറ്റ്‌വര്‍ക്ക് വരാന്‍ പോകുന്നെന്ന് പറഞ്ഞ് സംസാരിക്കുന്നത്. 26,000 കോടിയുടെ ജയില്‍ വരാന്‍ പോകുന്ന കാര്യം സംസാരിക്കുന്നു. ചികിത്സാ സൗകര്യങ്ങള്‍ വേണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ജയിലില്‍ പോയി കിടക്കാന്‍ പറ്റുമോ. എന്ത് കോമണ്‍സെന്‍സ് ഇല്ലാത്ത ആളുകളാണ് ഈ സംസാരിക്കുന്നത്. ഞങ്ങള്‍ അടിസ്ഥാന സൗകര്യം ആവശ്യപ്പെടുമ്പോള്‍ ഞങ്ങള്‍ക്ക് തരുകയാണ് 26,000 കോടി രൂപയുടെ ജയില്‍, എന്തിന്? പുഴുങ്ങി തിന്നാനോ? ഇതാണ് ഞങ്ങള്‍ എതിര്‍ത്തുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ ഹോസ്പിറ്റല്‍ ചോദിക്കുമ്പോള്‍ ഞങ്ങള്‍ക്ക് തരുകയാണ് ലഗൂണ്‍ വില്ല, എന്തിനാണ്? വികസനം വരുമ്പോള്‍ ആദ്യം വേണ്ടത് ആ നാടിന് ആവശ്യമുള്ള കാര്യങ്ങളാണ്. ജനങ്ങളെ സംരക്ഷിക്കുകയാണ് വേണ്ടത്. ആ ജനങ്ങളെ കൊല്ലാകൊല ചെയ്ത് കൊണ്ട് എന്ത് വികസനമാണ് ഇവര്‍ നടത്തുന്നത്,’ ഐഷ പറഞ്ഞു.

Content Highlight: Aisha sulthana on hospital fecilities in lakshadweep

We use cookies to give you the best possible experience. Learn more