കൊച്ചി: രാജ്യദ്രോഹക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ലായിരുന്നെങ്കില്‍ തന്നെ ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്‌തേനെയെന്ന് സംവിധായിക ഐഷ സുല്‍ത്താന. കവരത്തി പൊലീസിന്റെ കൊച്ചിയിലെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
അന്വേഷണത്തോട് സഹകരിക്കണമെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും അത് താന്‍ പാലിക്കുമെന്നും ഐഷ പറഞ്ഞു. അതേസമയം ഐഷയുടെ ലാപ്‌ടോപ് പൊലീസ് പിടിച്ചെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.
രണ്ട് മണിക്കൂറാണ് കാക്കനാട്ടെ ഫ്‌ളാറ്റില്‍വെച്ച് പൊലീസ് ഐഷയെ ചോദ്യം ചെയ്തത്. മുന്‍കൂട്ടി അറിയിക്കാതെയാണ് പൊലീസ് ചോദ്യം ചെയ്യലിന് എത്തിയതെന്ന് ഐഷ പറഞ്ഞു.
നേരത്തെ കവരത്തി സ്റ്റേഷനില്‍വെച്ച് ഐഷയെ രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.
കേസില്‍ അന്വേഷണം പുരോഗമിച്ചതിന് ശേഷം മാത്രമേ റദ്ദാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുവെന്നും കോടതി വ്യക്തമാക്കി.
കവരത്തി പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറും കേസിന്റെ തുടര്‍ നടപടികളും റദ്ദാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. തന്റെ വിമര്‍ശനങ്ങള്‍ ഒരു തരത്തിലുമുള്ള കലാപങ്ങള്‍ക്ക് വഴിവെച്ചിട്ടില്ല. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്നുമായിരുന്നു ഐഷയുടെ ഹരജിയില്‍ പറഞ്ഞത്.
124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഐഷയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണിനെ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമര്‍ശം.