ദ്വീപില്‍ തുടരണമെന്ന് പൊലീസ്; ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചു
Lakshadweep
ദ്വീപില്‍ തുടരണമെന്ന് പൊലീസ്; ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th June 2021, 7:52 pm

കവരത്തി: ബയോ വെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താനയെ കവരത്തി പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ഐഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

അതേസമയം മൂന്ന് ദിവസം ദ്വീപില്‍ തുടരണമെന്നും ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്നും കവരത്തി പൊലീസ് ഐഷയോട് പറഞ്ഞു.

നേരത്തെ ഐഷയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് കേരള ഹൈക്കോടതി പറഞ്ഞിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നീട്ടിവെച്ച കോടതി ഒരാഴ്ച കാലാവധിയുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. കേസില്‍ അറസ്റ്റ് ആവശ്യമാണെങ്കില്‍ കോടതിയെ അറിയിച്ച ശേഷമേ നടപടി സ്വീകരിക്കാവൂ എന്നാണ് ഈ ഉത്തരവില്‍ പറയുന്നത്.

മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിനെ ജൈവായുധം (ബയോവെപ്പണ്‍) എന്ന് വിശേഷിപ്പിച്ചതിലാണ് ഐഷ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹം ചുമത്തി കേസെടുത്തത്. 124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമര്‍ശം.


ബി.ജെ.പി. ലക്ഷദ്വീപ് പ്രസിഡന്റ് സി. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കവരത്തി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. തന്റെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണ് കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഐഷ സുല്‍ത്താന മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

ടി.വി. ചര്‍ച്ചയില്‍ നടത്തിയ ‘ബയോ വെപ്പണ്‍’ പരാമര്‍ശം ബോധപൂര്‍വ്വം ആയിരുന്നില്ലെന്നും ഐഷ സുല്‍ത്താന ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ച കോടതി ലക്ഷദ്വീപ് പൊലീസിനോട് എന്തെല്ലാം കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്ന് നേരത്തെ ചോദിച്ചിരുന്നു.

Content Highlight: Aisha Sulthana Kavarathy Police Bio Weapon