'മണിപ്പൂര്‍ ചര്‍ച്ച ചെയ്യാതിരിക്കാനുള്ള സൈക്കോളജിക്കല്‍ മൂവാണ് 'മിത്തിന്റെ' പേരില്‍ നടക്കുന്നത്'
Kerala News
'മണിപ്പൂര്‍ ചര്‍ച്ച ചെയ്യാതിരിക്കാനുള്ള സൈക്കോളജിക്കല്‍ മൂവാണ് 'മിത്തിന്റെ' പേരില്‍ നടക്കുന്നത്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd August 2023, 4:58 pm

കൊച്ചി: ശാസ്ത്ര ബോധം വളര്‍ത്തണമെന്ന സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പരാമര്‍ശത്തെ മുതലെടുപ്പിനായി ഒരു വിഭാഗം ഉപയോഗിക്കുകയാണെന്ന് സംവിധായിക ഐഷ സുല്‍ത്താന. മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യാതിരിക്കാനുള്ള സൈക്കോളജിക്കല്‍ മൂവാണ് മിത്തിന്റെ പേരില്‍ നടത്തുന്നതെന്നും ചര്‍ച്ചകള്‍ വഴിതിരിച്ചുവിടാനുള്ള ശ്രമമാണിതെന്നും ഐഷ പറഞ്ഞു.

‘മണിപ്പൂര്‍ ഇഷ്യൂ ചര്‍ച്ച ചെയ്യാതിരിക്കാനുള്ള സൈക്കോളജിക്കല്‍ മൂവാണ് ഇക്കൂട്ടര്‍ ‘മിത്തിന്റെ’ പേരും പറഞ്ഞ് നടത്തികൊണ്ടിരിക്കുന്നത്? ചര്‍ച്ചകള്‍ വഴിതിരിച്ചു വിടാന്‍ ഇക്കൂട്ടരെ കഴിഞ്ഞിട്ടേ ഉള്ളൂ? സ്വാഭാവികം? എന്നാ പിന്നെ നമുക്കൊരു ചായയാവാം,’ എന്നാണ് ചായ കുടിക്കുന്ന ഫോട്ടോ പങ്കുവെച്ച് ഐഷ സുല്‍ത്താന ഫേസ്ബുക്കില്‍ കുറിച്ചത്.

ശാസ്ത്ര ബോധം വളര്‍ത്തണമെന്ന എ.എന്‍. ഷംസീറിന്റെ പരാമര്‍ശത്തിനെതിരെ ബി.ജെ.പിയും കോണ്‍ഗ്രസും എന്‍.എസ്.എസും രംഗത്ത് വന്നിരുന്നു. ഷംസീറിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എന്‍.എസ്.എസ് ബുധനാഴ്ച വിശ്വാസ സംരക്ഷണ ദിനമായി ആചരിച്ചു. സ്പീക്കര്‍ ഹൈന്ദവ സമൂഹത്തോട് തെറ്റ് ഏറ്റുപറയണമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടിരുന്നു. പ്രത്യേക സമുദായത്തില്‍പ്പെട്ടയാള്‍ ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ച് നടത്തിയ പ്രസ്താവന നിന്ദ്യവും അപമാനവുമാണെന്നും ശാസ്ത്രമല്ല, വിശ്വാസമാണ് വലുതെന്നും അദ്ദേഹം പറഞ്ഞു.

ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും വര്‍ഗീയ വാദികള്‍ക്ക് വടികൊടുക്കുന്ന സമീപനമാണ് സ്പീക്കറുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പറഞ്ഞിരുന്നു. ശാസ്ത്രവുമായി വിശ്വാസത്തെ കൂട്ടിക്കുഴക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഏതെങ്കിലും ഒരു മത വിഭാഗത്തെ വേദനിപ്പിക്കുന്നതല്ല തന്റെ പരാമര്‍ശമെന്നും ഭരണഘടനാ സ്ഥാപനത്തില്‍ നില്‍ക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ ചെയ്യേണ്ട ഉത്തരവാദിത്തമാണ് നിര്‍വഹിച്ചതെന്നും സ്പീക്കര്‍ പറഞ്ഞു. കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരം ചര്‍ച്ചകള്‍ തന്നെ ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് നടക്കുന്ന ഹേറ്റ് ക്യാമ്പയിന്‍ കേരളത്തിലും കൊണ്ടുവരാനുള്ള ശ്രമമാണിത്. ഭരണഘടന പ്രകാരം മതവിശ്വാസത്തിന് അവകാശമുള്ള പോലെ ശാസ്ത്ര ചിന്ത വളര്‍ത്താനും ഏതൊരു വ്യക്തിക്കും അവകാശമുണ്ടെന്നും ഷംസീര്‍ പറഞ്ഞു.

Content Highlights: Aisha sulthana about A.N Shamseer issue