കൊച്ചി: ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ശരിയായ തീരുമാനമെന്ന് എ.പി അബ്ദുള്ളക്കുട്ടി. ഐഷ സുല്‍ത്താന രാജ്യദ്രോഹ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പാകിസ്ഥാനിലെ മാധ്യമങ്ങള്‍ ഇത് ആഘോഷിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
ലക്ഷദ്വീപിലെ ബി.ജെ.പി. ഘടകത്തോട് സംസാരിക്കുന്നതിനിടയിലാണ് അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം.
നേരത്തെ ലക്ഷദ്വീപിലെ ബി.ജെ.പി. നേതാക്കളും എ.പി അബ്ദുള്ളക്കുട്ടിയും നടത്തുന്ന സംഭാഷണങ്ങള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടിരുന്നു. മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ദ്വീപിലെ ബയോവെപ്പണ്‍ എന്ന് ഐഷ സുല്‍ത്താന നടത്തിയ പ്രയോഗം ‘സുവര്‍ണാവസരമായി’ ഉപയോഗപ്പെടുത്തണമെന്നായിരുന്നു സംഭാഷണത്തില്‍ പറഞ്ഞിരുന്നത്.
അള്ളാഹു നല്‍കിയ അവസരമാണിതെന്നും മികച്ച രീതിയില്‍ ഉപയോഗിക്കണമെന്നുമാണ് ലക്ഷദ്വീപിലെ ബി.ജെ.പി നേതാക്കള്‍ എ.പി. അബ്ദുള്ളക്കുട്ടിക്ക് അയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നത്.
തുടര്‍ന്ന് ഇതിന് നല്ല ചാനല്‍ കവറേജ് ലഭിക്കുമെന്നും പ്രതിഷേധങ്ങള്‍ക്ക് ദിവസവും സമയം നിശ്ചയിക്കാനുമാണ് ബി.ജെ.പി. നേതാക്കളോട് എ.പി. അബ്ദുള്ളക്കുട്ടി പറയുന്നത്.
‘അള്ളാഹു നമുക്ക് തന്ന സന്ദര്‍ഭമാണിത്. ലക്ഷദ്വീപിന്റെ തനത് സംസ്‌കാരം എന്നൊക്കെ പറഞ്ഞാണ് നമ്മുടെ മേല്‍ കുതിര കയറുന്നത്. എന്താണ് സംസ്‌കാരമെന്നും ആരാണ് ഐഷ സുല്‍ത്താന എന്നും തെളിയിച്ചു കൊടുക്കണം. അതുകൊണ്ട് വിഷയം നമ്മള്‍ വേണ്ട ഗൗരവത്തില്‍ തന്നെ എടുക്കണമെന്ന് വീണ്ടും അഭ്യര്‍ത്ഥിക്കുന്നു. വീടുകളില്‍ പ്ലെക്കാര്‍ഡും പിടിച്ച് പ്രതിഷേധിക്കണമെന്നാണ് എന്റെയൊരു അഭിപ്രായം. പാര്‍ട്ടി നിലപാട് എന്താണ്. പെട്ടെന്ന് അറിയിക്കണം.’ എന്നാണ് ദ്വീപില്‍ നിന്നുള്ള നേതാക്കള്‍ അയച്ച സന്ദേശത്തില്‍ പറയുന്നത്.
തുടര്‍ന്ന് ‘ ആലോചിച്ച് ഒരു ദിവസം നിശ്ചയിക്കൂ,നാളെ തന്നെ ആയിക്കോട്ടെ. സമയം, നിങ്ങള്‍ നിശ്ചയിക്കൂ. വീഡിയോകള്‍ കൂടുതല്‍ കിട്ടുമോന്ന് നോക്കണം നല്ല വാര്‍ത്താ പ്രാധാന്യം കിട്ടും.’ എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.
ലക്ഷദ്വീപ് ബി.ജെ.പി. പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ഐഷ സുല്‍ത്താനക്കെതിരെ കവരത്തി പൊലീസ് കേസെടുത്തത്. മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിനെ ജൈവായുധം (ബയോവെപ്പണ്‍) എന്ന് വിശേഷിപ്പിച്ച സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.
ചൈന മറ്റ് രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമര്‍ശം.
ദ്വീപ് അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ പട്ടേലിനെതിരെ വിമര്‍ശനവുമായി ഐഷ സുല്‍ത്താന ചാനല്‍ ചര്‍ച്ചകളില്‍ എത്തിയത് ബി.ജെ.പിക്ക് വലിയ ക്ഷീണം ഉണ്ടാക്കിയിരുന്നു. കേരളവും ലക്ഷദ്വീപും തമ്മിലുള്ള ബന്ധം എങ്ങനെയെങ്കിലും ഇല്ലാതാക്കാനാണ് ദ്വീപ് അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ പട്ടേല്‍ ശ്രമിക്കുന്നതെന്ന് ഐഷ സുല്‍ത്താന പറഞ്ഞിരുന്നു.
ദ്വീപിന്റെ വികസനത്തിന് തങ്ങള്‍ എതിരല്ലെന്നും ഉത്തരേന്ത്യന്‍ സംസ്‌കാരം ദ്വീപ് നിവാസികളില്‍ അടിച്ചേല്‍പ്പിക്കാനാണ് അഡ്മിനിസ്ട്രേറ്ററിന്റെയും സംഘത്തിന്റെയും ശ്രമമെന്നും ഐഷ പറഞ്ഞിരുന്നു.
അതേസമയം,ഐഷ സുല്‍ത്താനക്കെതിരെ പരാതി നല്‍കിയതിനെതിരെ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബി.ജെ.പിയില്‍ കൂട്ടരാജിയുണ്ടായി. ദ്വീപിലെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് അടക്കമുള്ള 12 പ്രവര്‍ത്തകരാണ് രാജിവെച്ചത്.
ബി.ജെ.പി. മുന്‍ പ്രസിഡന്റ് അബ്ദുല്‍ ഹമീദ്, നിലവിലെ വൈസ് പ്രസിഡന്റ് ഉമ്മുകുല്‍സു, ഖാദി ബോര്‍ഡ് അംഗം കൂടിയായ സൈഫുല്ല ഹാജി ജാബിര്‍ സാലിഹത്ത്, അബ്ദുള്‍ സമദ്, അന്‍ഷാദ്, അബ്ദുഷുക്കൂര്‍, നൗഷാദ്, ചെറിയകോയ, ബാത്തിഷാ, മുഹമ്മദ് യാസീന്‍ ആര്‍.എം., മുനീര്‍ മൈദാന്‍ തുടങ്ങിയവരാണ് രാജിക്കത്ത് നല്‍കിയത്.