ഷൂട്ടിങ് ആരംഭിക്കുന്നതിന് മുൻപേ പ്രശ്നങ്ങൾ നേരിട്ട ചിത്രമാണ് ആയിഷ സുൽത്താന സംവിധാനം ചെയ്ത ഫ്ലഷ്. രാഷ്ട്രീയ ഇടപെടലുകളും കൊവിഡ് പ്രതിസന്ധികളും ചിത്രത്തെ ബാധിച്ചിരുന്നു. ചിത്രീകരണ വേളയിൽ നേരിട്ട പ്രതിസന്ധികളെപ്പറ്റി സംസാരിക്കുകയാണ് ആയിഷ സുൽത്താന.
ഷൂട്ടിങ് സെറ്റിലേക്ക് മതിയായ ഭക്ഷണം പോലും കിട്ടിയിരുന്നില്ലെന്ന് ആയിഷ പറഞ്ഞു. അഞ്ചുദിവസംകൊണ്ട് ഷൂട്ടിങ് തീർക്കണമെന്ന് പ്രൊഡ്യൂസർ പറഞ്ഞെന്നും അണിയറപ്രവർത്തകർക്ക് കുടിവെള്ളം പോലും കിട്ടാത്ത സാഹചര്യം ആയിരുന്നെന്നും ആയിഷ കൂട്ടിച്ചേർത്തു. മീഡിയ വണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആയിഷ.
‘ഷൂട്ടിങ് സ്റ്റാർട്ട് ചെയ്ത അന്ന് മുതൽ ഞാൻ അനുഭവിക്കുന്നതാണ്. ഷൂട്ടിന് കമ്മിറ്റ് ചെയ്തത് വരെ എന്നോട് അവർക്ക് നല്ല പെരുമാറ്റം ആയിരുന്നു. അവർ എന്നെ മോളെ എന്നൊക്കെ സ്നേഹത്തോടെയായിരുന്നു വിളിച്ചിരുന്നത്. പക്ഷെ ഞാൻ ലക്ഷദ്വീപിൽ ചെന്നപ്പോൾ ഏഴ് ദിവസം ക്വാറന്റൈൻ ഉണ്ടായിരുന്നു. ക്വാറന്റൈനെ പീരീഡ് കഴിഞ്ഞാണ് ഷൂട്ട് സ്റ്റാർട്ട് ചെയ്തത്. അപ്പോഴൊന്നും ലോക്ക് ഡൗൺ ആയിരുന്നതുകൊണ്ട് പ്രൊഡ്യൂസറായ ബീന കാസിമിനെ ഞാൻ നേരിട്ട് കണ്ടിട്ടില്ല.
അവിടെ എത്തിയതിനു ശേഷം പ്രൊഡ്യൂസറിന്റെ സൈഡിൽ നിന്ന് വന്നിരിക്കുന്നത് ഇവരുടെ ഭർത്താവായിരുന്നു. വന്നതിന്റെ അടുത്ത ദിവസം മുതൽ എന്നോട് പറയുന്നത് ‘അഞ്ചുദിവസംകൊണ്ട് നീ ഈ ചിത്രം തീർക്കണമെന്നാണ്’. അപ്പോൾ ഞാനും ഓർത്തു അഞ്ചുദിവസംകൊണ്ട് എങ്ങനെ ഒരു സിനിമ തീർക്കും? നമ്മൾ അങ്ങനെയുള്ള ഒരു സിനിമ എടുക്കാൻ അല്ലല്ലോ അവിടെ ചെന്നത്,’ ആയിഷ സുൽത്താന പറഞ്ഞു.
അഞ്ചുദിവസംകൊണ്ട് ഷൂട്ടിങ് തീർക്കാൻ പറഞ്ഞതുമുതൽ പ്രൊഡ്യൂസറുമായി അഭിപ്രായ വ്യത്യാസം ഉണ്ടായെന്നും ഷൂട്ടിങ്ങിനായി കൊണ്ടുപോയ പാർട്ടി കോടികൾ മോഷണം പോയെന്നും ആയിഷ പറഞ്ഞു.
‘അഞ്ച് ദ്വീപിന്റെ പെർമിഷൻ എടുത്തിട്ടാണ് ഞാൻ ഷൂട്ടിങ്ങിനായി പോയത്. മിനിക്കോയി, അഗത്തി, കവരത്തി, ചെത്തിലത്ത്, ബംഗാരം എന്നീ ദ്വീപുകളിൽ അഗത്തിയിൽ മാത്രമാണ് കോവിഡ് പ്രതിസന്ധികൾ കാരണം എനിക്ക് ഷൂട്ട് ചെയ്യാൻ കഴിഞ്ഞത്. അതുകൊണ്ട് കുറേ സീനുകൾ കട്ട് ചെയ്ത് കളയേണ്ടിവന്നു. അങ്ങനെ സിനിമ ഒരു മണിക്കൂറും മുപ്പത്തിമൂന്ന് മിനിട്ടിലേക്കായി സിനിമ കുറക്കേണ്ടി വന്നു. ഇതിന്പുറമെ അഞ്ചുദിവസംകൊണ്ട് സിനിമ തീർക്കാനും അയാൾ പറഞ്ഞു. അവിടെ മുതലാണ് ഞങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം തുടങ്ങുന്നത്. ഞാൻ പറഞ്ഞു ഷോർട് ഫിലിം ഷൂട്ട് ചെയ്യാനല്ല വന്നതെന്ന്. അതിനുശേഷം ഞങ്ങൾ തമ്മിൽ വഴക്കായി.
കുറച്ച് ദിവസം കഴിഞ്ഞ് ഷൂട്ടിങ്ങിനായി നാട്ടിൽ നിന്നും കൊണ്ടുവന്ന പാർട്ടി കൊടികളും ഫ്ലെക്സുകളും മോഷണം പോയി. ലഗൂൺ വില്ല പ്രോജക്ടിന് എതിരാണ് എന്ന് പറയുന്ന പാർട്ടികളുടെ കൊടികൾ അവിടെ ഉണ്ട്, അതിനെ സപ്പോർട്ട് ചെയ്യുന്ന അല്ലെങ്കിൽ നമ്മുടെ ഓപ്പോസിറ്റ് നിൽക്കുന്ന പാർട്ടിയുടെ കൊടികൾ മാത്രം കാണുന്നില്ല. ഈ പ്രൊജക്ടുമായി മുന്നോട്ട് പോകുന്ന പാർട്ടിയെ കാണിക്കണമല്ലോ, ആ ഫ്ലെക്സുകളും കൊടികളുമാണ് കാണാതായത്.
ആ ലൊക്കേഷനിൽ ഞങ്ങൾ പട്ടിണിയിരുന്നിട്ടുണ്ട്. ഞങ്ങളുടെ ലൊക്കേഷനിലേക്ക് ഭക്ഷണം വളരെ കുറച്ച് മാത്രമാണ് കിട്ടിയിരുന്നത്. എല്ലാവരും കഴിച്ചതിനു ശേഷം മാത്രമാണ് എനിക്ക് കഴിക്കാൻ പറ്റുമായിരുന്നുള്ളൂ. കാരണം അവർ എന്നെ വിശ്വസിച്ച് വന്നവരാണ്. വെള്ളം പോലും കിട്ടിയിട്ടില്ല. കൊവിഡ് കാരണം ആരുടേയും വീട്ടിൽ നിന്ന് പോലും വെള്ളം വാങ്ങി കുടിക്കാൻ പറ്റാത്ത സാഹചര്യം ആയിരുന്നു,’ ആയിഷ പറഞ്ഞു.