തിരുവനന്തപുരം: കലാ-കായിക മേളകളില്‍ പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ എ.ഐ.എസ്.എഫ്.
വിലക്ക് അംഗീകരിക്കാനാകില്ലെന്ന് എ.ഐ.എസ്.എഫ് പറഞ്ഞു. തീരുമാനം പ്രതിഷേധാര്‍ഹമെന്നും എ.ഐ.എസ്.എഫ് പ്രതികരിച്ചു.
വിദ്യാര്‍ത്ഥികളെ മുന്‍നിര്‍ത്തിയുള്ള പ്രതിഷേധങ്ങള്‍ക്കാണ് വിദ്യാഭ്യാസ വകുപ്പ് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ റവന്യൂ കലാ-കായിക മേളകളില്‍ വിധി നിര്‍ണയത്തിനെതിരെ വ്യാപകമായി വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു തീരുമാനം.
വിധിയില്‍ എതിര്‍പ്പുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും കുട്ടികളെ വേദിയിലും റോഡിലും ഇരുത്തി പ്രതിഷേധിച്ചാല്‍ കേസെടുക്കുമെന്നുമാണ് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചത്. അധ്യാപകര്‍ക്കും പരിശീലകര്‍ക്കുമെതിരെ കേസെടുക്കുമെന്നായിരുന്നു അറിയിപ്പ്.
‘സമ്മാനം കിട്ടിയാല്‍ നല്ല വിധി കര്‍ത്താക്കള്‍, കിട്ടിയില്ലെങ്കില്‍ മോശം വിധി കര്‍ത്താക്കള്‍. ഇത്തരത്തില്‍ ആരോഗ്യകരമല്ലാത്തതും ജനാധിപത്യപരവുമല്ലാത്ത പ്രവൃത്തികള്‍ അംഗീകരിക്കില്ല,’ എന്ന പരാമര്‍ശത്തോടെയാണ് മന്ത്രി വിലക്ക് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയത്.
കഴിഞ്ഞ കോഴിക്കോട്, കണ്ണൂര്‍, വയനാട് ഉള്‍പ്പെടെയുള്ള റവന്യൂ കലോത്സവങ്ങളില്‍ വിധി കര്‍ത്താക്കള്‍ക്കെതിരെ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഗോത്ര കലകളിലെ വിധി നിര്‍ണയത്തിനെതിരെയാണ് കൂടുതലായും പ്രതിഷേധം ഉയര്‍ന്നത്. ഗോത്ര കലകള്‍, പാട്ടുകള്‍, ഉപകരണങ്ങള്‍, ചരിത്രം എന്നിവയില്‍ അറിവില്ലാത്തവരാണ് വിധി നിര്‍ണയത്തിന് എത്തിയതെന്നായിരുന്നു വിമര്‍ശനം.
എറണാകുളം റവന്യൂ കായിക മേളയുടെ സമാപന ചടങ്ങില്‍ സമാനമായ രീതിയില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രതിഷേധിച്ചിരുന്നു. സ്പോര്‍ട്സ് സ്കൂളുകളെ കിരീടത്തിന് പരിഗണിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധമുണ്ടായത്. നാവാമുകുന്ദ, മാര്‍ ബേസില്‍ സ്കൂളുകളാണ് പ്രതിഷേധിച്ചത്.
പ്രതിഷേധത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. വിദ്യാര്‍ത്ഥികളെ പൊലീസ് കൈയേറ്റം ചെയ്തതായും പരാതി ഉയര്‍ന്നിരുന്നു. സ്പോര്‍ട്സ് സ്കൂളായ ജിവി രാജയ്ക്ക് രണ്ടാം സ്ഥാനം നല്‍കിയതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ കളിയുണ്ടെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം.
വെബ്സൈറ്റില്‍ രണ്ടാം സ്ഥാനവും എന്നാല്‍ വേദിയില്‍ തഴയപ്പെട്ടെന്നുമാണ് നാവാമുകുന്ദ സ്കൂള്‍ ആരോപിച്ചത്. നാഷണല്‍ ചാമ്പ്യാന്മാര് പോലും ഉണ്ടായിട്ടും രണ്ടര വര്‍ഷത്തെ തങ്ങളുടെ അധ്വാനമാണ് ഇല്ലാതായതെന്നും മാര്‍ ബേസില്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇത്തരത്തില്‍ സംസ്ഥാനത്തുടനീളമായി കലാമേളകളുടെ വേദികളില്‍ പ്രതിഷേധവും സംഘര്‍ഷവും ഉടലെടുത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചത്.
Content Highlight: AISF will not accept ban on protests in arts and sports fairs