| Monday, 5th July 2021, 7:52 am

'ചലച്ചിത്ര താരം മാത്രമല്ല, ഒരു ഇടതുപക്ഷ എം.എല്‍.എ. കൂടിയാണ്'; മുകേഷിനെതിരെ എ.ഐ.എസ്.എഫ്. സംസ്ഥാന സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച ഫോണ്‍ വിളി വിവാദത്തില്‍ മുകേഷ് എം.എല്‍.എയെ വിമര്‍ശിച്ച് എ.ഐ.എസ്.എഫ്. സംസ്ഥാന സെക്രട്ടറി ജെ. അരുണ്‍ ബാബു. ചലച്ചിത്ര താരം മാത്രമല്ല, ഒരു ഇടതുപക്ഷ എം.എല്‍.എ. കൂടിയാണ് മുകേഷ് എന്നും അതു മറക്കരുതെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അരുണ്‍ ബാബു പറഞ്ഞത്.

പ്രതിപക്ഷ സംഘടനകള്‍ നവമാധ്യമങ്ങളിലടക്കം മുകേഷിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ഭരണകക്ഷിയായ സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടനയുടെ സെക്രട്ടറി വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.

നേരത്തെ ഗാര്‍ഹിക പീഡന പരാതി പറയാന്‍ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈനെ പുറത്താക്കണമെന്ന് എ.ഐ.എസ്.എഫ്. പ്രസ്തവനയിറക്കിയിരുന്നു.

അതേസമയം, പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ വിശദീകരണവുമായി മുകേഷ് രംഗത്തെത്തി. തനിക്ക് നിരന്തരം ഇത്തരം ഫോണ്‍ കോളുകള്‍ വരാറുണ്ടെന്നും ഇത് മനപൂര്‍വ്വം തന്നെ കുടുക്കാന്‍ വേണ്ടി ചെയ്തതാണെന്നും മുകേഷ് പറഞ്ഞു.

ഫേസ്ബുക്ക് വീഡിയോയിലൂടെ ആയിരുന്നു മുകേഷിന്റെ വിശദീകരണം. പ്രധാന മീറ്റിംഗില്‍ ഇരിക്കുന്ന സമയത്ത് ആറു തവണ വിളിച്ചപ്പോഴാണ് പാലക്കാട് എം.എല്‍.എയെ അറിയുമോ എന്ന തരത്തില്‍ ചോദിച്ചതെന്നും മുകേഷ് പറഞ്ഞു.

തന്നെ പ്രകോപിപ്പിക്കാന്‍ ആരൊക്കെയോ കരുതിക്കൂട്ടി ചെയ്യിപ്പിക്കുന്നതാണെന്നും താന്‍ നേരത്തെ ഇത്തരം വിഷയങ്ങളില്‍ ഇരൈവിപുരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മുകേഷ് പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞതു മുതല്‍ ട്രെയിന്‍ ലേറ്റ് ആണോ, കറണ്ടു പോയി എന്നൊക്കെ പറഞ്ഞാണ് പലരും വിളിക്കുന്നത്. ചിലര്‍ കുട്ടികളെ കൊണ്ട് വിളിപ്പിക്കുന്നുണ്ടെന്നും റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് മനസിലായെന്ന് പറയുമ്പോള്‍ ഫോണ്‍ കട്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത് ആസൂത്രണം ചെയ്ത് ആരോ ചെയ്തതാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. ഈ വിഷയത്തില്‍ സൈബര്‍ സെല്ലിലും പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കാന്‍ പോവുകയാണെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

ഫോണില്‍ സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ച കുട്ടിയോട് സ്വന്തം നാട്ടിലെ എം.എല്‍.എയോട് പറയൂ എന്നാണ് മുകേഷ് പറഞ്ഞത്. ഒരു മീറ്റിംഗില്‍ ആണെന്ന് പറഞ്ഞിട്ടും തന്നെ വിളിച്ചതെന്തിനാണെന്നും മുകേഷ് ചോദിക്കുന്നുണ്ട്.

ഫോണ്‍ ഒരു കൂട്ടുകാരന്‍ തന്നാതാണെന്ന് കുട്ടി പറയുമ്പോള്‍ നമ്പര്‍ തന്നവന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കണമായിരുന്നു എന്നും മുകേഷ് പറയുന്നുണ്ട്. തന്റെ മുന്നില്‍ വെച്ചായിരുന്നു സംഭവമെങ്കില്‍ ചൂരല്‍ വെച്ച് അടിക്കുമായിരുന്നു എന്നും മുകേഷ് പറഞ്ഞു.

ഫോണ്‍ റെക്കോര്‍ഡ് പ്രചരിച്ചതിന് ശേഷമാണ് വിശദീകരണവുമായി മുകേഷ് രംഗത്തെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: AISF State Secretary against Mukesh MLA

Latest Stories

We use cookies to give you the best possible experience. Learn more