എസ്.എഫ്.ഐയുടേത് ഗുണ്ടാ ആക്രമണമെന്ന് എ.ഐ.എസ്.എഫ്; പോസ്റ്റര്‍ പങ്കുവെച്ച് വി.എസ്. സുനില്‍കുമാര്‍
Kerala News
എസ്.എഫ്.ഐയുടേത് ഗുണ്ടാ ആക്രമണമെന്ന് എ.ഐ.എസ്.എഫ്; പോസ്റ്റര്‍ പങ്കുവെച്ച് വി.എസ്. സുനില്‍കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th February 2022, 6:07 pm

തിരുവനന്തപുരം: തൃശൂര്‍ ഒല്ലൂര്‍ വൈലോപ്പിള്ളി ഗവ. കോളേജില്‍ എ.ഐ.എസ്.എഫ് നടത്തിയ പഠിപ്പ് മുടക്ക് സമരത്തിനിടയില്‍ അക്രമം നടത്തിയ എസ്.എഫ്.ഐയുടെയും പരിക്ക് പറ്റിയവരെ സന്ദര്‍ശിക്കാന്‍ തൃശൂര്‍ ജില്ലാ ആശുപത്രിയിലെത്തിയ നേതാക്കളെ അക്രമിച്ച പൊലീസ് നടപടിയും പ്രതിഷേധാര്‍ഹമാണെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ അടക്കമുള്ളവര്‍ എസ്.എഫ്.ഐ ഗുണ്ടാ ആക്രമത്തില്‍ പ്രതിഷേധം അറിയിക്കുക എന്ന എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.

കോളേജിന്റെ ഭൗതിക സാഹചര്യം ഉയര്‍ത്തുന്നതിന് വേണ്ടി സമരം നടത്തിയ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ യാതൊരുവിധ പ്രകോപനവും കൂടാതെയാണ് പുറത്ത് നിന്നെത്തിയ ഗുണ്ടകളുടെ സഹായത്തോടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്ന് എ.ഐ.എസ്.എഫ് ആരോപിച്ചു.

അക്രമത്തില്‍ പരിക്ക് പറ്റിയ പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയ എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി സനല്‍കുമാര്‍, ഫ്രെഡി, ഫായിസ്, അഖില്‍ പി.എസ്, നിജിലാഷ്, രഞ്ജിത് കെ വി എന്നിവരെ പോലീസ് ഏകപക്ഷീയമായി മര്‍ദിക്കുകയും അറസ്റ്റ് ചെയ്യുകയായിരുന്നു.

അക്രമം നടത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പകരം എ.ഐ.എസ്.എഫ് നേതാക്കളെ മര്‍ദിച്ച് അറസ്റ്റ് ചെയ്ത നടപടിയിലൂടെ പൊലീസ് ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണെന്ന് തെളിയിക്കുന്നതാണ്.

പൊലീസിന്റെ തെറ്റായ ഈ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധവും നിയമപോരാട്ടവും നടത്തുമെന്നും അതിന് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയുണ്ടാകണമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി. കബീറും സെക്രട്ടറി ജെ. അരുണ്‍ ബാബുവും അഭ്യര്‍ത്ഥിച്ചു.

CONTENT HIGHLIGHTS:  AISF state secretariat also condemned the SFI Action against the leaders who came to the Thrissur district hospital