| Saturday, 27th July 2019, 5:39 pm

എസ്.എഫ്.ഐയ്ക്ക് രക്തരക്ഷസിന്റെ സ്വഭാവമെന്ന് എ.ഐ.എസ്.എഫ് പ്രവര്‍ത്തന റിപ്പോര്‍ട്ട്; കണ്ണൂരില്‍ വര്‍ഗീയ വിദ്യാര്‍ത്ഥി സംഘടനകളോട് എസ്.എഫ്.ഐയ്ക്ക് മൃദുസമീപനം; സി.പി.ഐയില്‍ നിന്നും പിന്തുണ കിട്ടുന്നില്ലെന്നും വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: രക്തരക്ഷസിന്റെ സ്വഭാവമുള്ള സംഘടനയാണ് എസ്.എഫ്.ഐയെന്നും എ.ഐ.എസ്.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.എഫ്.ഐ ഭീഷണിയാവുന്നുവെന്നും എ.ഐ.എസ്.എഫ്. കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് വിമര്‍ശനം.

കലാലയങ്ങളില്‍ എസ്.എഫ്.ഐ പറയുന്ന ജനാധിപത്യം വാക്കുകളില്‍ മാത്രമാണെന്ന് എഐഎസ്എഫ് കുറ്റപ്പെടുത്തി. പല കോളജുകളിലും തിരഞ്ഞെടുപ്പ് നടക്കുന്നത് എസ്.എഫ്.ഐയുടെ സൗകര്യത്തിനനുസരിച്ചാണ്. കണ്ണൂരില്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് എസ്.എഫ്.ഐയില്‍ നിന്ന് തുടര്‍ച്ചയായി അക്രമങ്ങള്‍ നേരിടേണ്ടി വരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

എ.ഐ.എസ്.എഫ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം അഗേഷിനെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഷിബിന്‍ ഭീഷണിപ്പെടുത്തി. കല്യാശേരിയിലെ എ.ഐ.എസ്.എഫ് പ്രവര്‍ത്തകനെ ഡി.വൈ.എഫ്.ഐക്കാര്‍ ഭീഷണിപ്പെടുത്തി. സംഘടനാ പ്രവര്‍ത്തനവും തടസ്സപ്പെടുത്തി.

സര്‍ സയ്യിദ് കോളേജിലും  പയ്യന്നൂര്‍ കോളേജിലും എസ്.എഫ്.ഐ സംഘടനയെ ഭീഷണിപ്പെടുത്തുന്നു. തലശ്ശേരി ബ്രണ്ണന്‍ കോളേജിലും വനിതാ കോളേജിലും എസ്.എഫ്.ഐ ഗുണ്ടാവിളയാട്ടമാണെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് പറയുന്നു.

ഐ.ഐടി, പോളി എന്നിവ എസ്.എഫ്.ഐയുടെ ആയുധ സംഭരണ ശാലയാണെന്നുമുള്ള ആരോപണങ്ങളും റിപ്പോര്‍ട്ടിലുണ്ട്. വര്‍ഗ്ഗീയവാദം പുലര്‍ത്തുന്ന മറ്റ് വിദ്യാര്‍ഥി പ്രസ്ഥാനങ്ങളോട് എസ്.എഫ്.ഐക്ക് കണ്ണൂര്‍ ജില്ലയില്‍ മൃദു സമീപനമാണുള്ളതെന്നും എ.ഐ.എസ്.എഫ് കുറ്റപ്പെടുത്തുന്നു.

റിപ്പോര്‍ട്ടില്‍ സി.പി.ഐക്കും വിമര്‍ശനമുണ്ട്. എസ്.എഫ്.ഐ അക്രമങ്ങളെ കുറിച്ച് നേതൃത്വത്തെ അറിയിച്ചിട്ടും പിന്തുണ ലഭിക്കുന്നില്ലെന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

.

We use cookies to give you the best possible experience. Learn more