തിരുവനന്തപുരം: എം.സി. ജോസഫൈന്‍ രാജിവെയ്‌ക്കേണ്ടതില്ലെന്ന് പറഞ്ഞ ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹീമിനെ പരോക്ഷമായി വിമര്‍ശിച്ച് എ.ഐ.എസ്.എഫ്. സംസ്ഥാന കമ്മറ്റി. ‘എ.ഐ.എസ്.എഫിന്റേത് ശരിയുടെ നിലപാട്, എം.സി. ജോസഫൈന്‍ രാജിവെച്ചു’ എന്ന പോസ്റ്ററുമായി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ് എ.ഐ.എസ്.എഫിന്റെ വിമര്‍ശനം.
ഭരണത്തിലിരിക്കുന്നെന്ന് പറഞ്ഞ് തെറ്റുകള്‍ക്ക് നേരെ മൗനം പാലിക്കാന്‍ എ.ഐ.എസ്.എഫ് തയ്യാറല്ലെന്നും ഇത്തരത്തില്‍ ശരിയായ അഭിപ്രായം തുറന്ന് പറയുന്നവരെ എതിര്‍ക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിന് ചേര്‍ന്നതല്ലെന്നും എ.ഐ.എസ്.എഫ്. സംസ്ഥാന കമ്മറ്റി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
‘ശരിയായ അഭിപ്രായം തുറന്ന് പറയുന്നവരെ എതിര്‍ക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിന് ചേര്‍ന്നതല്ല.
ശരിയുടെ നിലപാട് തുറന്നു പറയുന്നവരെ എതിര്‍ക്കാന്‍ കൂട്ടത്തില്‍ നിന്നുതന്നെ ചിലര്‍ രംഗത്ത് വന്നത് ദൗര്‍ഭാഗ്യകരമാണ്.
ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന് ചിലരെ ഓര്‍മ്മപ്പെടുത്തുന്നു,’ എ.ഐ.എസ്.എഫ്. പറഞ്ഞു.
ജോസഫൈന്‍ ക്ഷമാപണം നടത്തിയതോടെ വിഷയം അവസാനിച്ചുവെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹീം നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സ്ത്രീധനം എന്ന പ്രശ്നമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും എം.സി. ജോസഫൈന്‍ രാജിവയ്ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഗാര്‍ഹിക പീഡനത്തില്‍ പരാതിയറിയിക്കാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ രാജിവെച്ചിരുന്നു. സി.പി.ഐ.എം. നിര്‍ദേശപ്രകാരമാണ് രാജിയെന്നാണ് സൂചന.
ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച സംഭവമാണ് വിവാദമായത്. മനോരമ ന്യൂസില്‍ നടന്ന ഫോണ്‍ ഇന്‍ പരിപാടിക്കിടെയായിരുന്നു ജോസഫൈന്റെ പ്രതികരണം.
എറണാകുളത്ത് നിന്നും ലെബീന എന്ന സ്ത്രീയായിരുന്നു പരിപാടിയിലേക്ക് വിളിച്ചത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു ലെബീനയുടെ പരാതി.
ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങളോട് തുടക്കം മുതല്‍ രൂക്ഷമായ രീതിയില്‍ പ്രതികരിച്ച ജോസഫൈന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് അന്വേഷിക്കുകയായിരുന്നു.
എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും ലെബീന അറിയച്ചപ്പോള്‍ ‘എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ’ എന്നായിരുന്നു ജോസഫൈന്റെ മറുപടി.