Kerala News
എസ്.എഫ്.ഐ ഫാസിസ്റ്റ് സംഘടന; ഉത്തരേന്ത്യയിലെ എ.ബി.വി.പി രീതി കേരളത്തില്‍ പിന്തുടരുന്നു; എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 22, 07:41 am
Friday, 22nd April 2022, 1:11 pm

തിരുവനന്തപുരം: എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എസ്.എഫ്. എസ്.എഫ്.ഐ ഫാസിസ്റ്റ് സംഘടനയാണെന്നാണ് എ.ഐ.എസ്.എഫിന്റെ വിമര്‍ശനം.

ഉത്തരേന്ത്യയില്‍ എ.ബി.വി.പി നടപ്പാക്കുന്ന ഫാസിസ്റ്റ് രീതി കേരളത്തില്‍ എസ്.എഫ്.ഐ പിന്തുടരുന്നു എ.ഐ.എസ്.എഫിന്റെ വിമര്‍ശനത്തില്‍ പറയുന്നു. എ.ഐ.എസ്.എഫ് സംസ്ഥാനാ സമ്മേളന റിപ്പോര്‍ട്ടിലാണ് എസ്.എഫ്.ഐക്കെതിരായ രൂക്ഷവിമര്‍ശനമുള്ളത്.

എസ്.എഫ്.ഐക്ക് ഏകാധിപത്യ ശൈലിയാണ്. നിരന്തരം എസ്.എഫ്.ഐ അക്രമം അഴിച്ച് വിടുന്നു. സി.പി.ഐ.എം നേതൃത്വം ഇടപെട്ടിട്ടും അതില്‍ മാറ്റമില്ല.

സ്വാധീനമുള്ള കാമ്പസുകളില്‍ ഫാസിസ്റ്റ് ശൈലിയാണ് എസ്.എഫ്.ഐ സ്വീകരിക്കുന്നത്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം മുദ്രാവാക്യം എസ്.എഫ്.ഐയുടെ കൊടിയില്‍ മാത്രമേയുള്ളു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഇടതു സംഘടനകള്‍ ഒന്നിച്ച് നില്‍ക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ രാജ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അടുത്തിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയ പശ്ചാത്തലത്തില്‍ കൂടിയാണ് എ.ഐ.എസ്.എഫിന്റെ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനമുയരുന്നത്.

എം.ജി യൂണിവേഴ്‌സിറ്റിയില്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ എസ്.എഫ്.ഐക്കാര്‍ ആക്രമിച്ച സംഭവവും
തൃശൂര്‍ ഒല്ലൂര്‍ വൈലോപ്പിള്ളി ഗവ. കോളേജില്‍ എ.ഐ.എസ്.എഫ് നടത്തിയ പഠിപ്പ് മുടക്ക് സമരത്തിനിടയില്‍ എസ്.എഫ്.ഐ അക്രമം നടത്തിയതും ഇരുസംഘടകള്‍ക്കുമിടയില്‍ നേരത്തെതന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.