| Tuesday, 23rd May 2017, 7:05 pm

ഫേസ്ബുക്കിലൂടെ അധ്യാപകന്‍ ലൈംഗികച്ചുവയോടെ സമീപിച്ചെന്ന പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍; എ.ഐ.എസ്.എഫിന്റെ പരാതിയില്‍ വി.സി അന്വേഷണത്തിന് ഉത്തരവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട് അധ്യാപകന്‍ ഫേസ്ബുക്ക് ചാറ്റില്‍ ലൈംഗികച്ചുവയോടെ സമീപിച്ചുവെന്ന പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എ.ഐ.എസ്.എഫ് നല്‍കിയ പരാതിയെത്തുടര്‍ന്ന് വൈസ് ചാന്‍സിലര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്‌കൃത സര്‍വ്വകലാശാല എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറി എന്‍.എസ് ഉണ്ണിമായ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വൈസ് ചാന്‍സിലര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.


Also read പിണറായി സര്‍ക്കാരിനു കീഴില്‍ കേരളത്തില്‍ ഇടതു പക്ഷത്തിന് ചിതയൊരുങ്ങുന്നു: രാധാകൃഷ്ണന്‍ എം.ജി 


അധ്യാപകന്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഡൂള്‍ ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് എ.ഐ.എസ്.എഫ് വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കിയത്.

“സംസ്‌കൃത സര്‍വ്വകലാശാലയിലെ അധ്യാപകര്‍ക്കെതിരെ തുടര്‍ച്ചയായി ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നു വരുകയാണ്. ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണം സര്‍വ്വകലാശാല കുറ്റക്കാര്‍ക്കെതിരെ അന്വേഷണമോ നടപടികളോ സ്വീകരിക്കാത്തതാണെന്ന് എ.ഐ.എസ്.എഫ് കരുതുന്നു.” എന്നു ചൂണ്ടിക്കാട്ടിയാണ് സംഘടന പരാതി നല്‍കിയത്.

മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും സര്‍വ്വകലാശാലയിലെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായെന്നും തന്റെ അധ്യാപകനെതിരെ ഗുരുതരമായ ആരോപണമാണ് ആ വിദ്യാര്‍ത്ഥിനി ഉന്നയിച്ചിരിക്കുന്നതെന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസിലാക്കുന്നതെന്നും എ.ഐ.എസ്.എഫിന്റെ പരാതിയില്‍ പറയുന്നു.


Dont miss കാനില്‍ തരംഗമായി താര ‘രാജകുമാരിയും’; ഐശ്വരിയുടെ കൈയ്യില്‍ തൂങ്ങിയെത്തിയ ആരാധ്യയുടെ വീഡിയോ കാണാം 


ഇത് സ്ഥിതീകരിച്ചു കൊണ്ട് സര്‍വ്വകലാശാലയിലെ ഒരു അധ്യാപികയുടെ പേസ്ബുക്ക് പോസ്റ്റും വന്നിട്ടുണ്ടെന്നും പൊതു സമൂഹത്തിലിത്രയേറെ ചര്‍ച്ചയായിട്ടും സംസ്‌കൃത സര്‍വ്വകലാശാല അധികൃതരോ ഇത്തരം വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വമേധയാ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ബാധ്യതപ്പെട്ട ഇന്റേര്‍ണല്‍ കംപ്ലയ്ന്റ് കമ്മിറ്റിയുടെ ചുമതലക്കാരോ യാതൊരു അന്വേഷണ നടപടികളും സ്വീകരിച്ചിട്ടില്ലെന്നും ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹവും കുറ്റകരവുമാണെന്നും പരാതി ചൂണ്ടിക്കാട്ടുന്നു.

സര്‍വ്വകലാശാലയിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥിനികളുടെ ഭാവിയെയും സുരക്ഷയേയും ബാധിക്കുന്ന ഈ വിഷയത്തില്‍ ഇന്റേര്‍ണല്‍ കംപ്ലയ്ന്റ് കമ്മിറ്റി അടിയന്തിരമായി മേല്‍ സൂചിപ്പിച്ച പത്ര വാര്‍ത്തകളുടെയും പോസ്റ്റുകളുടെയും അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുകയും ബന്ധപ്പെട്ട ആളുകളില്‍ നിന്ന് മൊഴിയെടുത്ത് ആരോപണ വിധേയനായ വ്യക്തിയെ കണ്ടെത്തി മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.


You must read this മാഞ്ചസ്റ്ററിലെ സ്‌ഫോടനം മാത്രം കണ്ടാല്‍ പോരാ ജാര്‍ഖണ്ഡിലുള്ളതും മനുഷ്യര്‍ തന്നെയാണ്; മോദിയുടെ ട്വീറ്റില്‍ പ്രതിഷേധാഗ്നി 


സ്വമേധയാ പരാതി രെജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ബാധ്യതപ്പെട്ട ഇന്റേര്‍ണല്‍ കംപ്ലയ്ന്റ് കമ്മിറ്റി അതിന് തയ്യാറാകാത്ത പക്ഷം എ.ഐ.എസ്.എഫിന്റെ ഈ കത്ത് പരാതിയായി പരിഗണിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഉടന്‍ അന്വേഷണം പ്രഖ്യാപിച്ച് പൊതുസമൂഹത്തെ അറിയിച്ച് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനീ പക്ഷത്താണ് എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more