| Saturday, 13th July 2019, 4:38 pm

യൂണിവേഴ്‌സിറ്റി കോളേജില്‍ എ.ഐ.എസ്.എഫ് യൂണിറ്റ് രൂപീകരിച്ചു; പ്രഖ്യാപനം സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിടാനുള്ള തീരുമാനത്തിനു തൊട്ടുപിറകെ യൂണിറ്റ് രൂപീകരിച്ചതായി എ.ഐ.എസ്.എഫിന്റെ പ്രഖ്യാപനം. അക്രമസംഭവത്തില്‍ പ്രതിഷേധിച്ചു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിലാണു പ്രഖ്യാപനം.

റെജിന്‍ സെക്രട്ടറിയും രാഹുല്‍ പ്രസിഡന്റുമാണ്. കാമ്പസില്‍ സംഘടനാ സ്വാതന്ത്ര്യം വേണമെന്നായിരുന്നു എ.ഐ.എസ്.എഫ് അടക്കമുള്ള മറ്റു സംഘടനകളുടെ ആവശ്യം.

പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണു സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് കൈക്കൊള്ളുന്നതെന്ന് എ.ഐ.എസ്.എഫ് ആരോപിച്ചിരുന്നു. വിദ്യാര്‍ഥിയെ കുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട നസീം നേരത്തെ പൊലീസുകാരനെ ആക്രമിച്ച കേസിലെ പ്രതിയാണ്. പൊലീസുകാരന്‍ സസ്‌പെന്‍ഷനിലായപ്പോല്‍ നസീം നഗരത്തില്‍ സൈ്വര്യവിഹാരം നടത്തുകയാണെന്നും അവര്‍ ആരോപിച്ചിരുന്നു. ഇന്നലത്തെ അക്രമ സംഭവങ്ങളില്‍ പ്രിന്‍സിപ്പലിനെ ഉള്‍പ്പെടെ പ്രതിചേര്‍ത്ത് കേസെടുക്കണം. അതിനായി പ്രക്ഷോഭം നടത്തുമെന്ന് അവര്‍ പറഞ്ഞു.

എ.ഐ.എസ്.എഫ് നടത്തിയ മാര്‍ച്ചിനെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. തുടര്‍ന്നും വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോകാന്‍ വിസ്സമതിച്ചപ്പോള്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

എസ്.എഫ്.ഐ പ്രവര്‍ത്തകനും മൂന്നാംവര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയുമായ അഖിലിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെ കുത്തിയ സംഭവം ലജ്ജാകരമാണെന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു നേരത്തെ പറഞ്ഞിരുന്നു. ഇതില്‍ കേരളാ ജനതയോട് മാപ്പ് ചോദിക്കുന്നുവെന്നും സാനു ഫേസ്ബുക്കില്‍ കുറിച്ചു.

മുദ്രാവാക്യം ആയുധമാക്കിയവരാണ് എസ്.എഫ്.ഐ.ക്കാര്‍, അല്ലാത്തവര്‍ ഒറ്റുകാര്‍ മാത്രമാണെന്നും സാനു വിമര്‍ശിച്ചു.

പണവും ഭരണകൂടവും അറിവിനെയും വിദ്യാഭ്യാസത്തെയും നിര്‍ണയിക്കുമ്പോള്‍ വിദ്യാഭ്യാസം അപ്രാപ്യമാകുന്ന ബഹുഭൂരിപക്ഷത്തിന്റെ പ്രതീക്ഷയാണ് എസ്.എഫ്.ഐയെന്നും പ്രത്യാശയുടെ തീജ്വാലയായി നമ്മളെ നോക്കുന്നവരെ വഞ്ചിക്കരുതെന്നും സാനു കുറിച്ചു.
തെറ്റുകള്‍ ഒരിക്കലും ന്യായീകരിക്കില്ലെന്നും കുറ്റവാളികളെ സംരക്ഷിക്കില്ലെന്നും സാനു കൂട്ടി ചേര്‍ത്തു.

നേരത്തെ എസ്.എഫ്.ഐക്കെതിരെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. അഖിലിനോട് മാപ്പ് പറയണമെന്നും ഇത് ചരിത്രത്തിലെ അക്ഷരതെറ്റ് തന്നെയാണെന്നും സ്പീക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

അഖിലിനെ കുത്തിയ സംഭവത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകായ ഏഴ് പ്രതികളും ഒളിവിലാണ്. ഇവരെ സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more