ന്യൂദല്‍ഹി: കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച വിദ്യാര്‍ത്ഥി യുവജന ഫെഡറേഷനുകള്‍ നേതൃത്വം നല്‍കുന്ന ലോങ്ങ് മാര്‍ച്ച് സമാപനത്തിലേക്ക്. ഇന്ത്യാ-പാക് അതിര്‍ത്തി ഗ്രാമമായ ഹുസൈനിവാലയിലാണ് മാര്‍ച്ച് അവസാനിക്കുന്നത്.
ഐതിഹാസികവും സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലൊരു വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനം നടത്തിയ ഏറ്റവും ദീര്‍ഘവുമായ യാത്രയായിരുന്നു 60 ദിവസം നീണ്ടുനിന്ന ലോങ് മാര്‍ച്ച്. രാജ്യത്തെ 19 സംസ്ഥാനങ്ങളിലെ അടിച്ചമര്‍ത്തപ്പെട്ടവന്റെ ഹൃദയവായ്‌പ്പേറ്റുവാങ്ങിക്കൊണ്ടായിരുന്നു ലോങ് മാര്‍ച്ചിന്റെ പ്രയാണം.
ഫാഷിസത്തിനെതിരെയുള്ള പടയൊരുക്കത്തിന്റെ നാന്ദിയാവുകയായിരുന്നു ലോങ് മാര്‍ച്ച്. ഫാഷിസ്റ്റ് ശക്തികള്‍ക്ക് മുന്നില്‍ എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് എന്നീ സംഘടനകളുടെ സംഘടനാശേഷി പ്രകടമാക്കുന്നതുകൂടിയായിരുന്നു മാര്‍ച്ച്.
കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച് ഭഗത് സിംഗിന്റെ ജന്‍മഗ്രാമമായ ഹുസൈനിവാലയില്‍ അവസാനിക്കുന്ന തരത്തിലാണ് പ്രസ്ഥാനം മാര്‍ച്ച് ആസൂത്രണം ചെയ്തത്.
വിവിധ സംസ്ഥാനങ്ങളില്‍ മാര്‍ച്ച് തടയാന്‍ ബി.ജെ.പി സര്‍ക്കാരും ആര്‍.എസ്.എസ് സംഘടനകളും നടത്തിയ ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിച്ചുകൊണ്ടായിരുന്നു മാര്‍ച്ചിന്റെ മുന്നേറ്റം.
യാത്രയിലുടനീളം കാര്യമായ ഒരു മാധ്യമ പിന്തുണയും ലഭിച്ചില്ലെങ്കിലും ഫേസ് ബുക്ക് ലൈവുകളിലൂടെയും അപ്‌ഡേറ്റുകളിലൂടെയും രാജ്യമെമ്പാടും ഉള്ള പ്രവര്‍ത്തകര്‍ ഈ യാത്രയുടെ പ്രാധാന്യം പരമാവധി ജനങ്ങളില്‍ എത്തിക്കാന്‍ ശ്രമിച്ചെന്നും അവര്‍ക്കുള്ള നന്ദി രേഖപ്പെടുത്തുന്നതായും സംഘാടകര്‍ അറിയിച്ചു.