രാഷ്ട്രീയ ഫാസിസെത്തെ പറ്റി പറയുമ്പോള്‍ എസ്.എഫ്.ഐ ആത്മപരിശോധന നടത്തണമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകര്‍. കോഴിക്കോട് സംഘടന ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശുഭേഷ്. മറ്റ് ജില്ലാ സമ്മേളനത്തില്‍ ഉണ്ടായത് പോലെ കോഴിക്കോടും വലിയ വിമര്‍ശനമാണ് എസ്.എഫ്.ഐക്കെതിരെ ഉണ്ടായത്.
അധികാരത്തിന്റെ അപ്പക്കഷണത്തിനായി പലവഴികള്‍ ചവിട്ടിവന്നയാളാണ് മന്ത്രി കെ.ടി ജലീലെന്നും ശുഭേഷ് പറഞ്ഞു. ജലീല്‍ പിന്നിട്ട വഴികളെ കുറിച്ച് തങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. എ.ഐ.എസ്.എഫിന് യൂണിറ്റ് രൂപീകരിക്കാന്‍ ആളെക്കിട്ടുന്നില്ലെന്ന ജലീലിന്റെ പരാമര്‍ശത്തിനെതിരെയുള്ള പ്രതികരമായിട്ടാണ് ശുഭേഷിന്റെ വാക്കുകള്‍.
ക്യാമ്പസുകളില്‍ സംഘടനാ സ്വാതന്ത്ര്യം നല്‍കാത്തത് എസ്.എഫ്.ഐയാണെന്നും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജില്‍ എ.ഐ.എസ്.എഫ് ഉണ്ടായിരുന്നെങ്കില്‍ ഇത്തരത്തില്‍ ഒന്നും സംഭവിക്കില്ലായിരുന്നെന്നും എ.ഐ.എസ്.എഫ് വിമര്‍ശിച്ചിരുന്നു. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് എസ്.എഫ്.ഐക്കെതിരെ സംഘടന ഇങ്ങനെ പറഞ്ഞത്.
രക്തരക്ഷസിന്റെ സ്വഭാവമുള്ള സംഘടനയാണ് എസ്.എഫ്.ഐയെന്നും എ.ഐ.എസ്.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.എഫ്.ഐ ഭീഷണിയാവുന്നുവെന്നും എ.ഐ.എസ്.എഫ്. കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.