തിരുവവന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നാടകം കാണാനെത്തിയ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതില്‍ എസ്.എഫ്.ഐയ്‌ക്കെതിരെ വിമര്‍ശനവുമായി ഇടത് വിദ്യാര്‍ത്ഥി സംഘടന എ.ഐ.എസ്.എഫ്. എ.ഐ.എസ്.എഫിനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിലാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആക്രമമുണ്ടായതെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി സുഭേഷ് സുധാകര്‍ പറഞ്ഞു.
എസ്.എഫ്.ഐ എന്ന സംഘടനയോട് രാഷ്ട്രീയ യോജിപ്പുകളുണ്ട്. എന്നാല്‍ അവരുടെ ഫാസിസ്റ്റ് നടപടികളോട് വിയോജിപ്പാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നത് ഇത് ആദ്യമായിട്ടല്ലെന്നും എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ജെ. അരുണ്‍ബാബുവിനും നോമിനേഷന്‍ നല്‍കാനെത്തിയ മണിമേഖല എന്ന പെണ്‍കുട്ടിക്കും എസ്.എഫ്.ഐയില്‍ നിന്നു മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും സുഭേഷ് ആരോപിച്ചു. ഒരു വര്‍ഷം മുമ്പ് എസ്.എഫ്.ഐ നിലപാടുകള്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥികള്‍ക്കും മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും സുഭേഷ് കൂട്ടിച്ചേര്‍ത്തു.
Dont miss ഇന്ത്യക്കെതിരെ ജയിക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ ബഹുമതി: സ്റ്റീവ് സ്മിത്ത്
തിരുത്തലിന് എസ്.എഫ്.ഐ തയ്യാറാവുകയാണ് വേണ്ടത്. ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോള്‍ എസ്.എഫ്.ഐയുടെ മുഖം മാറുകയാണ്. ക്യാമ്പസുകളിലെ കപട സദാചാര വാദികള്‍ക്കെതിരെ തിങ്കളാഴ്ച സെക്രട്ടറിയേറ്റിനുമുന്നില്‍ വിദ്യാര്‍ത്ഥി കൂട്ടായ്മ സംഘടിപ്പിക്കുമെന്നും യൂണിവേഴ്‌സിറ്റി കോളേജിലെ ഏകസംഘടനാവാദം ഇല്ലാതാക്കി എ.ഐ.എസ്.എഫ് യൂണിറ്റ് സ്ഥാപിക്കുമെന്നും സുഭേഷ് കൂട്ടിച്ചേര്‍ത്തു.
കോളേജിലുണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും ഇതിനെ അപലപിക്കുന്നതായും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി. തോമസ് പറഞ്ഞു. യൂണിവേഴ്‌സിറ്റിയില്‍ എസ്.എഫ്.ഐ മാത്രമല്ല പ്രവര്‍ത്തിക്കുതെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്.ഐ.ഒ മത്സരിച്ചിരുന്നതായും ജെയ്ക് വ്യക്തമാക്കി. നാടകം കാണാന്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ക്യാമ്പസിലെത്തിയ ജിജീഷിനും വിദ്യാര്‍ത്ഥിനികള്‍ക്കും മര്‍ദ്ദിച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോഴാണ് എ.ഐ.എസ്.എഫും നിലാപാട് വ്യക്തമാക്കി രംഗത്തെത്തിയത്.