കൊല്ലം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവത്തില്‍ വിമര്‍ശിച്ചതിനു തൊട്ടുപിന്നാലെ എസ്.എഫ്.ഐയെ രൂക്ഷമായി കടന്നാക്രമിച്ച് എ.ഐ.എസ്.എഫ്. കൊല്ലം ജില്ലാ സമ്മേളന റിപ്പോര്‍ട്ടിലാണ് എ.ഐ.എസ്.എഫിന്റെ വിമര്‍ശനം. കാമ്പസുകളില്‍ എസ്.എഫ്.ഐയുടെ പ്രവര്‍ത്തനം വര്‍ഗീയ സംഘടനകളേക്കാള്‍ ഭയാനകരമായ രീതിയിലാണെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
കൊല്ലം ജില്ലയിലെ കാമ്പസുകളിലും എ.ഐ.എസ്.എഫിനെ മുഖ്യശത്രുവായിട്ടാണ് എസ്.എഫ്.ഐ കാണുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
‘അരാഷ്ട്രീയമായ പ്രവര്‍ത്തനമാണ് എസ്.എഫ്.ഐ നടത്തുന്നത്. വര്‍ഗീയ ഫാസിസ്റ്റ് സംഘടനകള്‍ക്ക് കാമ്പസുകളില്‍ വേരുറപ്പിക്കാന്‍ സഹായകരമാകുന്ന രീതിയിലാണ് എസ്.എഫ്.ഐയുടെ പ്രവര്‍ത്തനം. കുണ്ടറ ഐ.എച്ച്.ആര്‍.ഡി കോളേജില്‍ എ.ഐ.എസ്.എഫ് അധികാരത്തിലെത്തുമെന്നു കണ്ടതോടെ എസ്.എഫ്.ഐ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു. വര്‍ഗീയ സംഘടനകള്‍ക്ക് കോളേജുകളില്‍ ഭരണം ലഭിച്ചാലും എ.ഐ.എസ്.എഫിനു ലഭിക്കരുതെന്നാണ് അവരുടെ നിലപാട്.’- റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
മന്ത്രി കെ.ടി ജലീലിനെയും സമ്മേളനത്തില്‍ വിമര്‍ശിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കുത്തഴിഞ്ഞ രീതിയിലുള്ള സംഭവവികാസങ്ങലാണ് നടന്നുവരുന്നതെന്നും സര്‍വകലാശാലകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മൂകാഭിനയം നടത്തുന്ന മന്ത്രി അവസരത്തിനൊപ്പം മാറിമറിയുകയാണെന്നും സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍ ഉദ്ഘാടനവേളയില്‍ പറഞ്ഞു.
നേരത്തേ യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന അക്രമസംഭവത്തില്‍ എസ്.എഫ്.ഐയെ അതിരൂക്ഷമായി വിമര്‍ശിച്ച എ.ഐ.എസ്.എഫ് അതിനെതിരെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയിരുന്നു. അതിനിടെ അവര്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിറ്റും രൂപീകരിച്ചിരുന്നു.