[]ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകാലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് പൂര്‍ണ പരാജയം. ഇടതുപക്ഷ സംഘടനയായ ഐസ(ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍) ആധിപത്യം നിലനിര്‍ത്തി.
##ജെ.എന്‍.യു വിന്റെ ചരിത്രത്തില്‍ ഇതാദ്യമയാണ് എസ്.എഫ്.ഐ ഒരു സീറ്റില്‍ പോലും വിജയിക്കാതിരുന്നത്. കേന്ദ്ര പാനലിലേക്കുള്ള നാല് സീറ്റും ഐസ സ്വന്തമാക്കി.
കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രമായിരുന്നു എസ്.എഫ്.ഐയ്ക്ക് ലഭിച്ചത്. എസ്.എഫ്.ഐയില്‍ നിന്ന് വിട്ടു പോയവര്‍ രൂപീകരിച്ച ഡി.എസ്.എഫ് ഒരു കൗണ്‍സിലര്‍ സീറ്റ് നേടി. എന്‍.എസ്.യു, എ.ബി.വി.പി, എ.ഐ.എസ്.എഫ് എന്നീ സംഘടനകളും ഓരോ കൗണ്‍സിലര്‍ സ്ഥാനം നേടി.
തുടര്‍ച്ചയായ മൂന്നാം തവണയാണ് ഐസ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയം നേടുന്നത്. 26 കൗണ്‍സിലര്‍ സ്ഥാനങ്ങളില്‍ 14 എണ്ണത്തില്‍ ഐസ വിജയിച്ചു.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ പ്രധാന സ്ഥാനങ്ങള്‍ ഐസ സ്ഥാനാര്‍ത്ഥികള്‍ സ്വന്തമാക്കി.
അക്ബര്‍ ചൗധരിയാണ് പ്രസിഡന്റ്. വൈസ് പ്രസിഡന്റായി അനുഭൂതി ആഗ്നസും ജനറല്‍ സെക്രട്ടറിയായി അവദേഷ് കുമാറും ജോയിന്റ് സെക്രട്ടറിയായി സര്‍ഫറാസ് ഹാമിദും തിരഞ്ഞെടുക്കപ്പെട്ടു. 1977 വോട്ടുകള്‍ക്കാണ് അക്ബര്‍ ചൗധരി തിരഞ്ഞെടുക്കപ്പെട്ടത്.
കോണ്‍ഗ്രസിന്റേയും ബി.ജെ.പിയുടെയും സാമ്പത്തിക നയങ്ങളും ടി.പി ചന്ദ്രശേഖരന്‍ വധവും തിരഞ്ഞടുപ്പില്‍ പ്രതിഫലിച്ചതായി അക്ബര്‍ ചൗധരി പറഞ്ഞു.
ഐസയും ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫെഡറേഷനുമാണ് തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. വോട്ടിങ് ശതമാനത്തില്‍ ഐസയ്ക്ക് പുറകില്‍ രണ്ടാം സ്ഥാനത്താണ് ഡി.എസ്.എഫ്. ഡി.എസ്.എഫിനും പുറകിലായാണ് എസ്.എഫ്.ഐയുടെ സ്ഥാനം.
പ്രണബ് മുഖര്‍ജിയുടെ സ്ഥാനാര്‍ത്തിത്വവുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ വ്യത്യാസവും ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കൊലപാതക രാഷ്ട്രീയത്തിനെതിരെ സി.പി.ഐ.എമ്മിന്റെ ഔദ്യോഗിക നിലപാടിനെതിരെ പ്രമേയം പാസാക്കി എസ്.എഫ്.ഐയില്‍ നിന്ന് പുറത്തുപോയവര്‍ ചേര്‍ന്ന് രൂപീകരിച്ച സംഘടനയാണ് ഡി.എസ്.എഫ്