എയര്‍തിങ്സ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റില്‍ ലോക ചെസ് ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സനെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാരതാരം ഗ്രാന്‍ഡ് മാസ്റ്റര്‍ രമേഷ്ബാബു പ്രജ്ഞാനന്ദ. 16 വയസ്സ് മാത്രമുള്ള താരം 39 നീക്കങ്ങള്‍ക്കൊടുവിലാണ് വിജയം നേടിയത്.
ഇതോടെ മാഗ്നസ് കാള്‍സണെ തോല്‍പിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാവാനും പ്രജ്ഞാനന്ദയ്ക്ക് കഴിഞ്ഞു. ഇതിനു മുന്‍പേ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദും പി. ഹരികൃഷ്ണയുമാണ് കാള്‍സണെ തോല്‍പിച്ച ഇന്ത്യന്‍ താരങ്ങള്‍.
ടൂര്‍ണമെന്റിന്റെ എട്ടാം റൗണ്ടിലാണ് ലോക ചാമ്പ്യന് അടിതെറ്റിയത്. ടൂര്‍ണമെന്റിലെ പ്രജ്ഞാനന്ദയുടെ രണ്ടാം വിജയം കൂടിയാണിത്.
ലെവ് ആരോനിയനെതിരെയായിരുന്നു ലിറ്റിന്‍ ഗ്രാന്‍ഡ് മാസ്റ്ററുടെ ആദ്യ വിജയം. ഇതിനുമുന്‍പ് ഒരു വിജയവും രണ്ട് സമനിലയും നാല് തോല്‍വിയുമാണ് പ്രജ്ഞാനന്ദ നേടിയത്.
19 പോയന്റാണ് താരത്തിനുള്ളത്. മൊത്തം 16 താരങ്ങള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കാള്‍സണോട് തോല്‍വി വഴങ്ങിയ നെപ്പോമ്നിയാച്ചിയാണ് മുന്നിട്ടു നില്‍ക്കുന്നത്. ആകെ 15 മത്സരങ്ങളാണ് പ്രാഥമിക ഘട്ടത്തില്‍ ഒരു താരത്തിന് ലഭിക്കുക.
കാള്‍സണെ തോല്‍പിച്ചതിന് പിന്നാലെ പ്രജ്ഞാനന്ദയ്ക്ക് അഭിനന്ദനവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറും എത്തിയിരുന്നു. തന്റെ ട്വിറ്റിര്‍ ഹാന്‍ഡിലിലൂടെയാണ് സച്ചിന്‍ കുട്ടിത്താരത്തിന് അഭിനന്ദനമറിയിച്ചിരിക്കുന്നത്.
Content highlight: Airthings Masters: 16-year-old Praggnanandhaa stuns World Champion Carlsen