| Sunday, 13th October 2019, 6:32 pm

സൗജന്യ വോയിസ് കോള്‍; സമൂഹ മാധ്യമങ്ങളില്‍ പരസ്പരം പരിഹസിച്ച് എയര്‍ടെലും വോഡാഫോണ്‍ ഐഡിയയും ജിയോയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: റിലയന്‍സ് ജിയോ ഔട്ട്‌ഗോയിങ് കോളുകള്‍ക്ക് നിരക്ക് വര്‍ധിപ്പിച്ച സാഹചര്യത്തില്‍ എയര്‍ട്ടെലും വോഡാഫോണ്‍-ഐഡിയയും ജിയോയും സമൂഹ മാധ്യമങ്ങളില്‍ പരസ്പരം പരിഹസിച്ച് രംഗത്ത്.

സൗജന്യ വോയിസ് കോളുകള്‍ക്ക് നിരക്ക് വര്‍ധിപ്പിച്ചതിനു ശേഷം എയര്‍ടെലിന്റേതായി ഒരു ചെറിയ ക്ലിപ്പ് സമൂഹ മാധ്യമത്തില്‍ വന്നു. ‘ചിലര്‍ക്ക് അണ്‍ലിമിറ്റഡ് എന്നു പറഞ്ഞാല്‍ മറ്റെന്തോ ആണ്. ഞങ്ങള്‍ക്ക്, അണ്‍ലിമിറ്റഡ് വോയിസ് കോള്‍സ് എന്നു പറഞ്ഞാല്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍സ് എന്നുതന്നെയാണ് അര്‍ത്ഥം. ഇപ്പോള്‍ തന്നെ എയര്‍ടെലിലേക്ക് മാറൂ’ എന്ന ക്യാപ്ഷനോടു കൂടിയാണ് എയര്‍ടെല്‍ അവരുടെ വോയിസ് ക്ലിപ്പ് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.

സൗജന്യം എന്നത് മിനിട്ടിന് ആറു പൈസക്ക് സമമല്ല എന്നും എയര്‍ടെലിന്റെ ക്ലിപ്പില്‍ പറയുന്നു.

അതിനു പിന്നാലെ വോഡാഫോണ്‍ ഐഡിയയും രംഗത്തെത്തി. ‘സമാധാനിക്കൂ, വോഡാഫോണില്‍ നിന്നും മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് ഒരു ചാര്‍ജും ഈടാക്കുന്നില്ല. അതുകൊണ്ട് വോഡാഫോണ്‍ അണ്‍ലിമിറ്റഡ് പ്ലാനുകളിലൂടെ ഞങ്ങള്‍ നിങ്ങള്‍ക്കു തന്ന വാക്ക് നിങ്ങള്‍ ആസ്വദിക്കൂ’ എന്നാണ് വോഡാഫോണ്‍ ഐഡിയയുടെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ രണ്ടു മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ക്കും മറുപടിയുമായി ഏറെ വൈകാതെ ജിയോയും രംഗത്തെത്തി.

‘എല്ലാതവണയും ഒരു ജിയോ കസ്റ്റമര്‍ മറ്റൊരു നെറ്റ്‌വര്‍ക്കിലേക്ക് വിളിക്കുമ്പോള്‍ മിനിട്ടിന് ആറുപൈസ നല്‍കുന്നത് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായി)യുടെ നിയമ പ്രകാരം ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ് (ഐ.യു.സി) അനുസരിച്ച് ആ നെറ്റ് വര്‍ക്കിനായിരിക്കും.’ എന്നാണ് ജിയോ നല്‍കിയ മറുപടി.

കഴിഞ്ഞ ആഴ്ച റിലയന്‍സ് ജിയോ സൗജന്യ വോയിസ് കോളുകള്‍ നിര്‍ത്താന്‍ പോവുകയാണെന്ന് അറിയിച്ചിരുന്നു. ജിയോയില്‍ നിന്നും ജിയോയിലേക്കുള്ള കോളുകള്‍ ഫ്രീ ആയിതന്നെ നില്‍ക്കുകയും ചെയ്യും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 13,500 രൂപ മറ്റു നെറ്റുവര്‍ക്കുകള്‍ക്ക് യൂസര്‍ ചാര്‍ജായി നല്‍കിയിട്ടുണ്ട്. 2020 ജനുവരിയോടു കൂടി ഈ ഐ.യു.സി ഭരണം അവസാനിപ്പിക്കാനുള്ള നീക്കമാണ് ഇതെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.

We use cookies to give you the best possible experience. Learn more