| Friday, 5th July 2024, 4:37 pm

37 കോടിയോളം എയര്‍ടെല്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഹാക്കര്‍; നിഷേധിച്ച് എയര്‍ടെല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 37 കോടിയോളം വരുന്ന എയര്‍ടെല്‍ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയെന്ന അവകാശവാദവുമായി ഹാക്കര്‍ രംഗത്ത്. ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ഡാര്‍ക്ക് വെബ്‌സൈറ്റില്‍ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടെന്നും ഹാക്കര്‍ അവകാശപ്പെട്ടു.

എന്നാല്‍ ഹാക്കറുടെ അവകാശവാദങ്ങള്‍ നിഷേധിച്ച് എയര്‍ടെല്‍ രംഗത്തെത്തി. ക്‌സെന്‍ സെന്‍ എന്ന അക്കൗണ്ട് വഴി എക്‌സിലൂടെയാണ് എയര്‍ടെല്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചതെന്ന കാര്യം അറിയിച്ചത്.

ഇന്ത്യയിലെ 37 കോടിയിലധികം എയര്‍ടെല്‍ ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പര്‍, ജനനതീയതി, പിതാവിന്റെ പേര്, ആധാര്‍ ഐഡി, ഇമെയില്‍ ഐഡി തുടങ്ങിയ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വെച്ചെന്നാണ് പോസ്റ്റില്‍ പറയുന്നത്.

എന്നാല്‍ ഹാക്കറുടെ ആരോപണങ്ങള്‍ ശക്തമായി നിഷേധിച്ചുകൊണ്ട് എയർടെൽ രംഗത്തെത്തി. ഉപഭോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും എയര്‍ടെല്‍ അറിയിച്ചു. എയര്‍ടെലിന്റെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അധികൃതര്‍ പ്രതികരിച്ചു.

ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തിയെന്നും എയര്‍ടെല്‍ സിസ്റ്റങ്ങളില്‍ നിന്ന് ഒരു തരത്തിലുള്ള ലംഘനവും ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ചതായും അധികൃതര്‍ കൂട്ടിച്ചേർത്തു.

ഉപഭോക്താക്കളുടെ ജൂണ്‍ വരെയുള്ള വിവരങ്ങള്‍ ലഭ്യമാണെന്നാണ് ഹാക്കര്‍ അവകാശപ്പെട്ടത്. വിദേശകാര്യ മന്ത്രാലയത്തിന്റെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉടമകളുടെ വിവരങ്ങള്‍ സമാനമായ രീതിയില്‍ നേരത്തെ ലീക്ക് ചെയ്തിട്ടുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു.

2021ലും എയര്‍ടെല്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്നും എയര്‍ടെല്‍ ആരോപണങ്ങള്‍ നിഷേധിച്ചു.

Content Highlight: Airtel denies data breach of 37.5 crore subscribers

We use cookies to give you the best possible experience. Learn more