| Tuesday, 19th December 2017, 2:41 pm

ആധാറിന്റെ മറവില്‍ സാധാരണക്കാരന്റെ പണം തട്ടുന്ന എയര്‍ടെല്‍

അബിന്‍ പൊന്നപ്പന്‍

തനിക്ക് തൊഴിലുറപ്പ് പദ്ധതി പ്രകാരം ലഭിക്കാനുള്ള വേതനം കിട്ടാത്തതിനെ തുടര്‍ന്നാണ് ജാനു പാലോറ മരുതോങ്കര പഞ്ചായത്തിലെത്തുന്നത്. തന്റെ രണ്ട് ബൗങ്ക് അക്കൗണ്ടുകളും പരിശോധിച്ചെങ്കിലും പണം നിക്ഷേപിച്ചതായി കണ്ടില്ലെന്നും ഇതേതുടര്‍ന്ന് ജാനു തങ്ങളെ സമീപിക്കുകയായിരുന്നുവെന്നും പഞ്ചായത്ത് അധികൃതര്‍ പറയുന്നു.

ജാനുവിന്റെ പരാതി കേട്ടതിന് പിന്നാലെ മൊബെല്‍ ആധാറുമായി ലിങ്ക് ചെയ്ത റിട്ടെയില്‍ ഷോപ്പുമായി ബന്ധപ്പെട്ടു. അപ്പോഴാണ് ആധാറുമായി ലിങ്ക് ചെയ്തത് എയര്‍ടെല്‍ നമ്പറായിരുന്നുവെന്നും ലിങ്ക് ചെയ്യുന്നതിന് മുമ്പ് എയര്‍ടെല്‍ പേയ്മെന്റ് അക്കൗണ്ട് എടുത്തുവെന്നും മനസിലായത്. എയര്‍ടെല്‍ പേയ്മെന്റ് അക്കൗണ്ട് എടുക്കാതെ ലിങ്കിംഗ് പൂര്‍ത്തിയാക്കാന്‍ പറ്റില്ലെന്ന് റിട്ടെയിലര്‍ ഷോപ്പുകാര്‍ പറഞ്ഞത് അനുസരിച്ചാണ് ജാനു അക്കൗണ്ടെടുക്കുന്നത്.

നാലായിരത്തോളം രൂപയാണ് ജാനുവിന്റെ അക്കൗണ്ടില്‍ നിന്നും എയര്‍ടെല്‍ പേയ്മെന്റ് അക്കൗണ്ടിലെത്തിയത്. ഓണ്‍ലൈന്‍ ഷോപ്പിംഗിനും മൊബൈല്‍ റീച്ചാര്‍ജിംഗിനും മാത്രമേ ഈ പണം ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. ആ പണം തിരികെ ലഭിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ലാതെ വന്നതോടെയാണ് ജാനു പഞ്ചായത്തിലെത്തുന്നത്. പഞ്ചായത്തിന്റെ അന്വേഷണത്തില്‍ പണം തിരികെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാന്‍ കഴിയില്ലെന്ന് മനസിലായതോടെയാണ് കളക്ടര്‍ക്ക് പരാതി നല്‍കുന്നത്. ജാനുവിന്റെ അനുഭവം പഞ്ചായത്ത് ജില്ലാ കളക്ടര്‍ക്ക് പരാതിയായി അറിയിച്ചതോടെ വിഷയം വാര്‍ത്തയാവുകയായിരുന്നു. ഇതിന് പിന്നാലെ എയര്‍ടെല്‍ അധികൃതര്‍ ജാനുവിന് നഷ്ട പരിഹാരം നല്‍കി പ്രശ്‌നം പരിഹരിക്കുകയായിരുന്നുവെന്നും മരുതോങ്കര പഞ്ചായത്ത് അധികൃതര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

എന്നാല്‍ ജാനുവിന്റേത് ഒറ്റപ്പെട്ട അനുഭവമല്ലെന്നും സമാന അനുഭവമുള്ള അഞ്ചുപേരുടെ പരാതികള്‍ പഞ്ചായത്തിലെത്തിയിട്ടുണ്ടെന്നും ഇവരെല്ലാം തന്നെ എയര്‍ടെല്‍ സിം ഉപയോഗിക്കുന്നവരാണെന്നും അധികൃതര്‍ പറയുന്നു. അതേസമയം, ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പണം നഷ്ടപ്പെട്ട പരാതിയുമായി എത്തിയ ജാനു ഉള്‍പ്പടെയുള്ളവര്‍ സാങ്കേതിക വിദ്യാഭ്യാസമില്ലാത്തവരും മൊബൈല്‍, ഓണ്‍ ലൈന്‍ ബാങ്കിംഗ് തുടങ്ങിയവയെ കുറിച്ച് ധാരണയില്ലാത്തവരുമാണ്. ഈ അജ്ഞതയെ മുതലെടുത്താണ് മൊബൈല്‍ കമ്പനികള്‍ ആധാറിലൂടെ തങ്ങളുടെ ഇന്‍വെസ്റ്റ്‌മെന്റ് വര്‍ധിപ്പിക്കുന്നത്.

ഇത് സാക്ഷ്യം വെക്കുന്നതാണ് സിം കാര്‍ഡും ആധാറും തമ്മില്‍ ലിങ്ക് ചെയ്യുന്ന റിട്ടെയില്‍ ഷോപ്പുകാരുടെ വാക്കുകള്‍. പലപ്പോഴും ഇങ്ങനെ സംഭവിക്കാറുണ്ടെന്നും എന്നാല്‍ സബ്‌സിഡി പോലുള്ള പണം സ്വന്തം അക്കൗണ്ടിലേക്ക് ലഭിക്കാതെ വരുമ്പോള്‍ മാത്രമാണ് ഇതിനെ കുറിച്ച് ആളുകള്‍ അറിയുന്നതെന്നും അവര്‍ പറയുന്നു.

എയര്‍ടെല്ലിന് പുറമെ ജിയോ ഉപഭോക്താക്കളും ഇത്തരം പരാതിയുമായി മുന്നോട്ട് വന്നിട്ടുണ്ടെന്നും റീട്ടെയിലുകാര്‍ പറയുന്നു. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പണം തിരികെ സ്വന്തം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ വോഡാഫോണ്‍, ഐഡിയ തുടങ്ങിയ സേവനദാതക്കള്‍ അവസരം നല്‍കാറുണ്ടെന്നും അവര്‍ പറയുന്നു.

അതേസമയം, ഇതിനെ കുറിച്ച് സാധാരണക്കാര്‍ക്ക് യാതൊരു അറിവുമില്ല. പലപ്പോഴും പണം നഷ്ടമായതിന് ശേഷമായിരിക്കും അവര്‍ ഇത് തിരിച്ചറിയുക. ആധാറിനെ കുറിച്ചുള്ള അജ്ഞതയും ആധാര്‍ ലിങ്കിംഗിലെ സങ്കീര്‍ണതയും സാധാരണക്കാരെ ചതിക്കുഴിയിലേക്ക് നയിക്കുന്നുവെന്നും വിദഗ്ധര്‍ പറയുന്നു.

മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്യുന്ന പ്രക്രിയയായ ആധാര്‍ ഇ-കെ.വൈ.സി (വിരലടയാളം/ഒ.ടി.പി നല്‍കല്‍) എന്നാല്‍ ബ്ലാങ്ക് പേപ്പറില്‍ ഒപ്പിടുന്നതിനു തുല്യമാണ്. അത് എന്തു കാര്യത്തിനുപയോഗിയ്ക്കുന്നു എന്ന് എവിടെയും രേഖപ്പെടുത്തുന്നില്ല. ആധാറിന്റെ സാങ്കേതികതയില്‍ തന്നെയുള്ള ഒരു ആര്‍ക്കിടെക്ചര്‍ പിഴവാണിതെന്ന് ഐ.ടി ആക്ടിവിസ്റ്റായ അനിവര്‍ അരവിന്ദ് പറയുന്നു.

അനിവര്‍ അരവിന്ദ്

അനിവറിന്റെ വാക്കുകളിലേക്ക്, “അതായത് മൊബൈല്‍ വെരിഫിക്കേഷനു നല്‍കുന്ന ഇ.കെ.വൈ.സി വെച്ച് പെയ്‌മെന്റ് ബാങ്ക് അക്കൗണ്ട് തുറക്കാനുള്ള കണ്‍സന്റ് ആണെന്ന് കാണിച്ച് അത് തുറക്കാം . ഐഡന്റിഫിക്കേഷന്‍ ഓതന്റിക്കേഷന്‍ ഓതറൈസേഷന്‍ സമ്മതപത്രം തുടങ്ങിയവ എല്ലാം ഒരു വിരലടയാളം മാത്രമാക്കി മാറ്റുമ്പോള്‍ പറ്റുന്നത് ഇതാണ്.”

“ഇത് ഒരുഭാഗംമാത്രം. ആധാര്‍ പേയ്‌മെന്റ് ബ്രിഡ്ജിന്റെ മാപ്പര്‍ അവസാനം ആധാര്‍ ലിങ്ക് ചെയ്ത അക്കൗണ്ടിനെ മാത്രമേ മാപ്പ് ചെയ്യൂ . അതായത് സബ്‌സിഡിതുക അയക്കുന്നത് ആധാര്‍ നമ്പറിലോട്ടാവുമ്പോള്‍ അവസാനം ലിങ്ക് ചെയ്ത. അക്കൗണ്ടിലേയ്ക്കാണ് പണമെത്തുക. ഇത് ദുരുപയോഗം ചെയ്യുന്ന തട്ടിപ്പുകളും വ്യാപകമായിട്ടുണ്ട്.

പെന്‍ഷങ്കാരുടെ ആധാര്‍ ഉപയോഗിച്ച് അവരുടെ അറിവോ സമ്മതമോ ഇല്ലാതെ പുതിയ അക്കൗണ്ട് തുറന്ന് പെന്‍ഷന്‍ പണംതട്ടിയെടുക്കുന്ന ബാങ്ക് ജീവനക്കാരുടെ ഒരു സംഘം കര്‍ണ്ണാടകയില്‍ ഈയിടെ പിടിയിലായിരുന്നു. 300 പെന്‍ഷന്‍കാരുടെ 40 ലക്ഷം രൂപയിലധികമാണ് തട്ടിയെടുത്തത്. ഉപഭോക്താവിന്റെ അറിവോ സമ്മതമോ ഇല്ലാതെ തുറന്ന എയര്‍ടെല്‍ പെയ്‌മെന്റ് ബാങ്ക് പോലുള്ളവയുടെ അക്കൗണ്ടിലേയ്ക്ക് ഇങ്ങനെ എത്തിച്ചേര്‍ന്ന പണം നിരവധി കോടികളാണ്. കാഷ്‌ലസ് ആയതിനാല്‍ അക്കൗണ്ടില്‍ പണമെത്തി എന്നുപറഞ്ഞ് സര്‍ക്കാരും കൈ കഴുകും. കിട്ടേണ്ടവര്‍ക്ക് കിട്ടുന്നുണ്ടോ എന്ന് ട്രാക്ക് ചെയ്യല്‍ ആധാറിനാവില്ല.” അനിവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇത്തരത്തില്‍ നിരവധി ആര്‍ക്കിടെക്ചര്‍ സാങ്കേതികപ്പിഴവുകള്‍ അടങ്ങിയതാണ് അടിച്ചേല്‍പ്പിയ്ക്കുന്ന ആധാര്‍ എന്ന മാരണം ആധാര്‍ എടുത്തവരാണെങ്കില്‍ പരമാവധി ലിങ്ക് ചെയ്യാതിരിക്കുക എന്നതാണു ചെയ്യേണ്ടത്.” അനിവര്‍ പറയുന്നു.

മരുതോങ്കരയില്‍ നിന്നുമുള്ള തൊഴിലാളികളുടെ അനുഭവങ്ങള്‍ പുറത്തു വന്ന അതേസമയമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇത്തരത്തില്‍ ആധാര്‍ ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് എയര്‍ടെല്ലിനെതിരെ പരാതികള്‍ ഉയര്‍ന്നു വരുന്നതും. ഇതിന്റെ വെളിച്ചത്തിലാണ് കഴിഞ്ഞ ദിവസം Unique Identification Authority of India എയര്‍ടെല്ലിനെതിരെ നടപടിയെടുക്കുന്നത്.

ഭാരതി എയര്‍ടെല്‍, എയര്‍ടെല്‍ പെയ്മെന്റ് എന്നിവയെ ആധാര്‍ സിം കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതില്‍ നിന്നും യു.ഐ.ഡി.എ.ഐ താല്‍ക്കാലികമായി വിലക്കിയിരിക്കുകയാണ്.

ഇ.കെ.വൈ.സി രീതിയില്‍ സിം വെരിഫിക്കേഷനിലൂടെ ബാങ്ക് അക്കൗണ്ടുകള്‍ ഉപഭോക്താവിന്റെ സമ്മതമില്ലാതെ എയര്‍ടെല്‍ പെയ്മെന്റുമായി ലിങ്കു ചെയ്യുന്നതിനെതിരെയായിരുന്നു യു.ഐ.ഡി.എ.ഐയുടെ നടപടി. എല്‍.പി.ജി സബ്സിഡിയടക്കം ഇത്തരം അക്കൗണ്ടിലേക്ക് ലിങ്ക് ചെയ്യുന്നതിനെതിരേയും യു.ഐ.എ.ഡി.ഐ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഭാരതി എയര്‍ടെല്‍ ലിമിറ്റഡ്, എയര്‍ടെല്‍ പെയ്മെന്റ് ലിമിറ്റഡ് എന്നിവയുടെ ഇ-കെ.വൈ.സി ലൈസന്‍സുകള്‍ താല്‍ക്കാലികമായി റദ്ദ് ചെയ്യുകയും ചെയ്തിരുന്നു.

ഈ ഇടക്കാല ഉത്തരവ് പ്രകാരം എയര്‍ടെല്ലിന് തങ്ങളുടെ ഉപഭോക്താക്കളുടെ സിം കാര്‍ഡ് 12 അക്ക ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ലിങ്ക് ചെയ്യാനോ വെരിഫൈ ചെയ്യാനോ പറ്റില്ല. കൂടാതെ ആധാര്‍ ഇ-കെ.വൈ.സി ഉപയോഗിച്ച് എയര്‍ടെല്‍ പെയ്മെന്റ് ബാങ്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നതിനും വിലക്കുണ്ട്. മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നതില്‍ വിലക്കില്ല.

“ആധാര്‍ ലിങ്കിംഗുമായി ബന്ധപ്പെട്ട് യു.ഐ.ഡി.എ.ഐയുടെ ഇടക്കാല ഉത്തരവ് കൈപറ്റിയിട്ടുണ്ട്. എയര്‍ടെല്‍ പെയ്മെന്റ് സംവിധാനവുമായി ബന്ധപ്പെട്ടുള്ള എല്ലാ ആശങ്കകളും പരിഹരിച്ച് അവരെ ബോധ്യപ്പെടുത്തിയതിന് ശേഷമായിരിക്കും മുന്നോട്ട് പോക്ക്.” എന്ന് എയര്‍ടെല്‍ അധികൃതര്‍ തങ്ങളോട് വ്യക്തമാക്കിയതായി ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അധികൃതരുമായി ബന്ധപ്പെട്ട് വിഷയത്തില്‍ വേഗത്തില്‍ തന്നെ പരിഹാരം കാണാന്‍ സാധിക്കുമെന്നും എയര്‍ടെല്‍ വക്താവ് പറയുന്നു.

പ്രക്രിയയുമായി ബന്ധപ്പെട്ടുള്ള പാളിച്ചകള്‍ കണ്ടെത്തി ഉടനെ തന്നെ പരിഹരിക്കുമെന്നും പ്രയോരിറ്റിയുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശിച്ച കാര്യങ്ങളും പാലിക്കാന്‍ ശ്രമിക്കുമെന്നും എയര്‍ടെല്‍ വക്താവ് പറയുന്നു. ഉത്തരവില്‍ പറഞ്ഞിരിക്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും ഗൈഡ് ലൈന്‍സില്‍ ചേര്‍ക്കുമെന്നും അവര്‍ പറയുന്നു. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ എയര്‍ടെല്‍ അധികൃതര്‍ ഖേദം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ഇന്ത്യയില്‍ ആകെ 23 ലക്ഷം എയര്‍ടെല്‍ ഉപഭോക്താക്കളുടെ എയര്‍ടെല്‍ പെയ്മെന്റ് അക്കൗണ്ടിലേക്കായി 47 കോടി രൂപയാണ് എത്തിയത്. ഇതില്‍ ഏറിയ പങ്കും തങ്ങളുടെ പേരില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്തതു പോലും അറിയാത്തവരാണ്. ഇതിന് പിന്നാലെയാണ് എയര്‍ടെല്‍ ഭാരതിയ്ക്കെതിരെ യു.ഐ.ഡി.എ.ഐയുടെ ഇടക്കാല ഉത്തരവ് വരുന്നത്. ഉപഭോക്താക്കളുടെ അറിവില്ലാതെ ഇത്രയും അക്കൗണ്ടുകള്‍ ഓപ്പണ്‍ ചെയ്തതും അതിലേക്ക് കോടിക്കണക്കിന് പണം ട്രാന്‍സ്ഫര്‍ ആയതുമാണ് അതോറിറ്റിയെ വിഷയത്തിലേക്ക് എത്തിച്ചത്. ഇതില്‍ മരുതോങ്കരയിലെ തൊഴിലുറപ്പ് പദ്ധിതിയിലെ തൊഴിലാളികള്‍ മുതല്‍ എല്‍.പി.ജി ഗ്യാസ് സബ് സിഡി വരെയുള്‍പ്പെടും.

ആധാര്‍ വിവരങ്ങളുടെ സ്വകാര്യതയേയും സുരക്ഷിതത്വയേയും കുറിച്ച് സുപ്രീം കോടതി നിരീക്ഷിച്ചു വരുന്നതിനിടെയാണ് എയര്‍ടെല്ലിനെതിരായ പരാതികളും നടപടിയും എന്നതും ശ്രദ്ധേയമാണ്. ലൈസന്‍സ് റദ്ദാക്കിയതോടൊപ്പം ഭാരതി എയര്‍ടെല്ലിന്റേയും എയര്‍ടെല്‍ പെയ്മെന്റ്സ് ബാങ്കിന്റേയും പ്രവര്‍ത്തനങ്ങള്‍ ഓഡിറ്റ് ചെയ്യാനും ആധാര്‍ ആക്ട് ലംഘിച്ചിട്ടുണ്ടോയെന്നും പരിശോധിക്കാനും യു.ഐ.ഡി.എ.ഐ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേര്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികളെന്നും യു.ഐ.ഡി.എ.ഐ വ്യക്തമാക്കിയിട്ടുണ്ട്.

എയര്‍ടെല്ലിനെതിരായ ആരോപണങ്ങള്‍ ആധാര്‍ ആക്ട് 2016 ന്റെ ലംഘനമായാണ് വിലയിരുത്തപ്പെടുന്നത്. ഉപഭോക്താവിന്റെ സമ്മതമില്ലാതെയുള്ള അക്കൗണ്ട് ഓപ്പണിംഗ് അടക്കമുള്ള ആരോപണങ്ങള്‍ റിപ്പോര്‍ട്ടില്‍ തെളിഞ്ഞാല്‍ ഒരു ലക്ഷം പെര്‍ ഡെ പിഴ മുതല്‍ യൂസര്‍ എഗ്രിമെന്റിന്റെ ഓതന്റിക്കേഷന്‍ അടക്കമുള്ളവയുടെ ടെര്‍മിനേഷനില്‍ വരെയുള്ള ശിക്ഷാ നടപടിയുണ്ടാകും. 2015 ഫെബ്രുവരി, 2017 സെപ്തംബറുകളിലായാണ് ഭാരതി എയര്‍ടെല്ലും എയര്‍ടെല്‍ പെയ്മെന്റ്സ് ബാങ്കും ഓതന്റിക്കേഷന്‍ യൂസര്‍ ഏജന്‍സികളായി നിയമിക്കപ്പെടുന്നത്. യു.ഐ.ഡി.എ.ഐയാണ് നിയമിക്കുന്നത്.

സെപ്തംബറില്‍ സമാനമായ പരാതിയുണ്ടായപ്പോള്‍ എയര്‍ടെല്ലിന് നോട്ടീസ് അയച്ചിരുന്നു. ലിങ്കിംഗ് പ്രോസസില്‍ മാറ്റം വരുത്തിയെന്നും അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നത് വെരിഫിക്കേഷന്‍ പ്രോസസില്‍ നിന്നും ഒഴിവാക്കിയെന്നുമായിരുന്നു എയര്‍ടെല്ലിന്റെ മറുപടി. എന്നാല്‍ ആ മറുപടി അതൃപ്തികരമെന്ന് കണ്ട് യു.ഐ.ഡി.എ.ഐ നവംബര്‍ 24ന് വീണ്ടും നോട്ടീസ് അയക്കുകയായിരുന്നു.

എന്നാല്‍ ഉപഭോക്താവിന്റെ സമ്മതമില്ലാതെ അക്കൗണ്ട് ഓപ്പണ്‍ ചെയ്തിട്ടില്ലെന്നും എല്ലാ നടപടി ക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നുമായിരുന്നു എയര്‍ടെല്ലിന്റെ മറുപടി. എന്നാല്‍ തങ്ങള്‍ക്ക് മുന്നിലെത്തുന്ന പരാതികള്‍ യു.ഐ.ഡി.എ.ഐയെ ആ മറുപടി മുഖവിലയ്ക്കെടുക്കാന്‍ വിസമ്മതിപ്പിക്കുകയായിരുന്നു. ഇതിന് ശേഷമാണ് വിലക്ക് ഏര്‍പ്പെടുത്തി കൊണ്ടുള്ള ഇടക്കാല ഉത്തരവ് യു.ഐ.ഡി.എ.ഐ പുറപ്പെടുവിക്കുന്നത്.

യു.ഐ.ഡി.എ.ഐയെ തെറ്റിദ്ധരിപ്പിക്കാന്‍ എയര്‍ടെല്‍ കമ്പനികള്‍ വ്യാജ പ്രസ്താവനകള്‍ നടത്തിയെന്ന് ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി യു.ഐ.ഡി.എ.ഐ എയര്‍ടെല്ലിന്റെ ആപ്പ് പരിശോധിച്ചപ്പോള്‍, അക്കൗണ്ട് തുറക്കുമ്പോള്‍ നേരത്തെ തന്നെ സമ്മതം അറിയിച്ചുകൊണ്ടുള്ള, പച്ച ടിക്കോടു കൂടിയ, അക്കൗണ്ട് ഓപ്പണ്‍ ചെയ്യാനുള്ള ലിങ്ക് തുറന്നു വരുന്നതായി കണ്ടെത്തിയിരുന്നു.

ആധാറിന്റെ സാധ്യതകള്‍ മുതലെടുത്തു കൊണ്ടുള്ള ന്യൂജനറേഷന്‍ ബാങ്കിംഗ് രംഗത്തെ തട്ടിപ്പുകള്‍ക്കുള്ള ഉദാഹരമായാണ് ബാങ്കിംഗ് മേഖലയിലെ വിദഗ്ധര്‍ എയര്‍ടെല്‍ ഭാരതിയ്ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെ വിലയിരുത്തുന്നത്. ഒരിക്കല്‍ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തു കഴിഞ്ഞാല്‍ ഓപ്പണ്‍ ചെയ്യുന്ന അക്കൗണ്ടിലേക്ക് ഉപഭോക്താവിന്റെ സമ്മതമില്ലാതെ തന്നെ ട്രാന്‍സാക്ഷന്‍ നടത്താന്‍ കഴിയുമെന്നതാണ് ആധാര്‍ ലിങ്കിലെ പോരായ്മയെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അഖിലേന്ത്യ പ്രസിഡന്റ് എ.കെ രമേശ് പറയുന്നു.

ആധാറിലൂടെ പൗരന്റെ മേല്‍ സദാ നിരീക്ഷണം നടത്തുന്നതു പോലെ അവന്‍ പോലുമറിയാതെ അക്കൗണ്ടിലും സര്‍വ്വൈലന്‍സും സാധ്യമാകുന്നു. ഈ സൗകര്യത്തെയാണ് ന്യൂജനറേഷന്‍ ബാങ്കുകള്‍ മുതലെടുക്കുന്നതെന്നും രമേശ് പറയുന്നു. എന്നാല്‍ ഇതിനൊരു പ്രതിവിധിയില്ല, കാരണം സര്‍ക്കാര്‍ സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടിയല്ലെന്നും രമേശ് പറയുന്നു.

യു.ഐ.ഡി.എ.ഐയുടെ ഇടക്കാല ഉത്തരവ് എയര്‍ടെല്ലിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഉപഭോക്താക്കള്‍ക്കിടയില്‍ വിശ്വാസ്യത നേരത്തെ തന്നെ നഷ്ടമായ എയര്‍ടെല്ലിന് ഉത്തരവോടെ ഷെയര്‍ മാര്‍ക്കറ്റിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. ഷെയര്‍ മാര്‍ക്കറ്റില്‍ 2.75 ശതമാനത്തിന്റെ ഇടിവാണ് എയര്‍ടെല്ലിനുണ്ടായിരിക്കുന്നത്. വി.എസ്.ഇ സെന്‍സെക്സ് പ്രകാരമാണ് ഇത്. ഞായറാഴ്ച്ച യു.ഐ.ഡി.എ.ഐ ഭാരതി എയര്‍ടെല്ലിനും എയര്‍ടെല്‍ പെയ്മെന്റ് ബാങ്കിസിനെതിരെയും ഉത്തരവിറക്കിയതിന് ശേഷമാണ് എയര്‍ടെല്ലിന് ഷെയര്‍മാര്‍ക്കറ്റില്‍ ഇടിവ് സംഭവിച്ചത്.

ആധാര്‍ സ്വകാര്യതയിലേക്ക് നടത്തുന്ന കടന്നു കയറ്റത്തെ കുറിച്ച് ചര്‍ച്ചകള്‍ ഇന്നും തുടരുന്നതാണ്. എന്നാല്‍ സ്വകാര്യതയില്‍ മാത്രമല്ല പൗരന്റെ സമ്പത്തിലും ആധാര്‍ സംവിധാനം വെല്ലുവിളിയുയര്‍ത്തുന്നു എന്നാണ് പുതിയ സംഭവ വികാസങ്ങള്‍ വ്യക്തമാക്കുന്നത്. കോഴിക്കോട് മരുതോങ്കര പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളിയായ ജാനു രാജ്യത്തുടനീളം ഇത്തരം തട്ടിപ്പിന് വിധേയരായ ഒരുപാടു പേരുടെ പ്രതിനിധിയാണ്.

അബിന്‍ പൊന്നപ്പന്‍

We use cookies to give you the best possible experience. Learn more