| Friday, 19th January 2024, 1:14 pm

ഹൂത്തികളെ തടയുന്നതിൽ യു.എസ് വ്യോമാക്രമണങ്ങൾ പരാജയപ്പെട്ടു: ബൈഡൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: യെമനികൾക്കെതിരെ അമേരിക്കൻ സേന വ്യോമാക്രമണം നടത്തിയിട്ടും ചെങ്കടലിലെ ഹൂത്തികളുടെ ആക്രമണം തടയാൻ സാധിക്കുന്നില്ലെന്ന് സമ്മതിച്ച് യു.എസ് പ്രസിഡന്റ്‌ ജോ ബൈഡൻ.

ഹൂത്തികൾക്കെതിരായ അമേരിക്കയുടെ സൈനിക നീക്കം തുടരുമെന്നും ബൈഡൻ മാധ്യമങ്ങളോട് പറഞ്ഞു.

യു.എസ് കാർഗോ കപ്പലിന് നേരെ ഹൂത്തികളുടെ ആക്രമണം നടന്ന് മണിക്കൂറുകൾക്കകം അമേരിക്കയുടെ യുദ്ധക്കപ്പലുകളിൽ നിന്ന് യെമനിലെ ഹൂത്തി കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടന്നിരുന്നു.

അന്താരാഷ്ട്ര വാണിജ്യ കപ്പലുകളെ ആക്രമിക്കാനുള്ള ഹൂത്തികളുടെ കരുത്ത് അമേരിക്കയുടെ ബോംബാക്രമണങ്ങൾ കൊണ്ട് ഇല്ലാതാക്കാൻ സാധിക്കുമെന്നായിരുന്നു യു.എസ് സെൻട്രൽ കമാൻഡർ അവകാശപ്പെട്ടിരുന്നത്.

യെമനെതിരെയുള്ള ആക്രമണങ്ങൾ ഫലിക്കുന്നുണ്ടോ എന്ന് റിപ്പോർട്ടർമാർ ബൈഡനോട്‌ ചോദിച്ചു.

‘ഫലിക്കുന്നുണ്ടോ എന്ന് നിങ്ങൾ ചോദിച്ചാൽ, ഹൂത്തികളെ തടയാൻ സാധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്റെ ഉത്തരം ഇല്ല എന്നാണ്. ആക്രമണങ്ങൾ തുടരുമോ എന്നാണെങ്കിൽ അതെ എന്നും,’ ബൈഡൻ മറുപടി നൽകി.

യു.എസിന്റെ തുടർച്ചയായ അക്രമണങ്ങൾക്കിടയിൽ കഴിഞ്ഞ വാരം രണ്ട് അമേരിക്കൻ കപ്പലുകൾക്ക് നേരെയും ഇസ്രഈലുമായി ബന്ധമുള്ള മറ്റൊരു കപ്പലന് നേരെയും ഹൂത്തികളുടെ ആക്രമണം ഉണ്ടായി.

ഒരു കപ്പലിനെ ലക്ഷ്യമിടാൻ ഉദ്ദേശിക്കുമ്പോൾ അത് യു.എസ് കപ്പലാണ് എന്നത് തന്നെ ധാരാളമാണ് എന്ന് ഹൂത്തി വക്താവ് പറഞ്ഞു.

അറബിക്കടലിനും മെഡിറ്ററേനിയൻ കടലിനുമിടയിൽ യാത്ര ചെയ്യാൻ ലോകത്തെ 15 ശതമാനം കപ്പലുകളും ചെങ്കടലിനെയും സൂയസ് കനാലിനെയുമാണ് ആശ്രയിക്കുന്നത്.

ഹൂത്തികളുടെ ആക്രമണങ്ങൾക്ക് പിന്നാലെ ആഗോള ഷിപ്പിങ് ഭീമന്മാരായ മേഴ്സ്ക്, ഹപ്പാഗ് ലോയിഡ്, എം.എസ്.സി തുടങ്ങിയ കമ്പനികൾ ചെങ്കടൽ വഴിയുള്ള യാത്ര ഉപേക്ഷിച്ച് ദക്ഷിണാഫ്രിക്ക വഴിയുള്ള ദൈർഘ്യമേറിയ പാത തെരഞ്ഞെടുത്തിരിക്കുകയാണ്.

Content Highlight: Airstrikes have failed to stop Houthis – Biden

Latest Stories

We use cookies to give you the best possible experience. Learn more