സിറിയയില്‍ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ വ്യോമാക്രമണം; തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍
World News
സിറിയയില്‍ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ വ്യോമാക്രമണം; തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd April 2024, 8:15 am

ദമാസ്‌കസ്: സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ വ്യോമാക്രമണം. ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇറാന്‍ കോണ്‍സുലേറ്റിനെ ലക്ഷ്യംവെച്ച് ആക്രമണം നടത്തിയത് ഇസ്രഈല്‍ ആണെന്നാണ് നിഗമനം.

ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡിന്റെ ഖുദ്‌സ് ഫോഴ്‌സിലെ മുതിര്‍ന്ന കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് റെസ സഹേദി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി പ്രസ് ടി.വി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ എംബസിക്ക് സമീപത്തായുള്ള കോണ്‍സുലേറ്റ് കെട്ടിടം ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നു. ആക്രമണത്തില്‍ തിരിച്ചടിച്ചിരിക്കുമെന്ന് ഇറാന്‍ അറിയിച്ചു. ആക്രമണം കടുത്തതായിരിക്കുമെന്നും ഇറാന്‍ അംബാസിഡര്‍ ഹുസൈന്‍ അക്ബരി മുന്നറിയിപ്പ് നല്‍കി.

ഇസ്രഈലിന്റെ യുദ്ധവിമാനങ്ങളാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് സിറിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഭീകരാക്രമണമാണ് ഇസ്രഈല്‍ നടത്തിയതെന്നും സിറിയന്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ മിഗ്ദാദ് ചൂണ്ടിക്കാട്ടി.

ആക്രമണത്തിനെതിരെ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനം, സിറിയയുടെയും ഇറാന്റെയും പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം, അപകടകരമായ സയണിസ്റ്റ് നീക്കം എന്നിങ്ങനെ വിമര്‍ശനം ഉയര്‍ന്നു.

ഫലസ്തീനിലെ സായുധ സംഘടനയായ ഇസ്‌ലാമിക് ജിഹാദ് ആക്രമണത്തെ വഞ്ചന എന്ന് വിശേഷിപ്പിച്ചു. പാകിസ്ഥാന്‍, ഒമാന്‍, ഇറാഖ്, റഷ്യ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളും ഇറാന്‍ കോണ്‍സുലേറ്റിന് നേരെയുള്ള ആക്രമണത്തെ അപലപിച്ചു. ആക്രമണം സ്വീകാര്യമല്ലെന്ന് റഷ്യ പ്രതികരിച്ചു.

അതേസമയം ആക്രമണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ ഇസ്രഈല്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

Content Highlight: Airstrike on Iranian Consulate in Syria