| Monday, 16th August 2021, 2:17 pm

വിമാനത്താവളങ്ങള്‍ അടച്ചു, അഫ്ഗാനിലേക്കുള്ള സര്‍വീസ് നിര്‍ത്തി വിമാനങ്ങള്‍; ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഫ്ഗാനിലെ സ്ഥിതി രൂക്ഷമായതിന് പിന്നാലെ രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍.

അഫ്ഗാനിലെ വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടിയതും വിമാനസര്‍വീസുകള്‍ അഫ്ഗാനിലേക്കുള്ള യാത്രകള്‍ റദ്ദ് ചെയ്തതും സ്ഥിതി ഗുരുതരമാക്കിയിട്ടുണ്ട്.

കാബൂളില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം തിങ്കളാഴ്ച വൈകുന്നേരത്തോടെ ദല്‍ഹിയില്‍ എത്തുമെന്നാണ് വിവരം. അതേസമയം കാബുളിലേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാനം റദ്ദ് ചെയ്തു.

അടിയന്തരഘട്ടത്തില്‍ വിമാനങ്ങള്‍ അയച്ച് അഫ്ഗാനില്‍ കുടുങ്ങിയ ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിക്കാനാണ് കേന്ദ്രതീരുമാനം. ഇതിനായുള്ള പദ്ധതിയും കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്.

നിരവധി അഫ്ഗാന്‍ പൗരന്മാരും ഇന്ത്യയിലേക്ക് വരുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളും കേന്ദ്രം ചര്‍ച്ച ചെയ്യും. താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം കയ്യടക്കിയതിന് പിന്നാലെ രാജ്യം വിട്ടുപോകാന്‍ നെട്ടോട്ടമോടുകയാണ് അഫ്ഗാന്‍ ജനത. വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിച്ചതിന് പിന്നാലെ അമേരിക്കന്‍ സൈന്യം ആകാശത്തേക്ക് വെടിവെച്ചിരുന്നു.

തിരക്ക് നിയന്ത്രിക്കാനാകാതായതോടെയാണ് വെടിവെക്കേണ്ടി വന്നതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. തിക്കുതിരക്കും തുടര്‍ന്നുണ്ടായ പ്രശ്നങ്ങളും പരിഹരിക്കാന്‍ വേണ്ടി മാത്രമാണ് ആകാശത്തേക്ക് വെടിവെച്ചതെന്നാണ് അമേരിക്കയുടെ വാദം.

എന്നാല്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ജനങ്ങള്‍ക്ക് നേരെയും വെടിവെപ്പുണ്ടായെന്നും ഇവര്‍ പറയുന്നു. വെടിയേറ്റ് കിടക്കുന്നവരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

തലസ്ഥാന നഗരമായ കാബൂള്‍ താലിബാന്‍ പിടിച്ചടക്കിയതിന് പിന്നാലെ രാജ്യത്ത് നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാനാണ് അഫ്ഗാന്‍ ജനത ശ്രമിക്കുന്നത്. ഞായറാഴ്ച മുതല്‍ നൂറുക്കണക്കിന് പേരാണ് വിമാനത്താവളങ്ങളില്‍ വന്നുകൊണ്ടിരുന്നത്.

ഇതിന് പിന്നാലെയാണ് വിമാനങ്ങള്‍ സര്‍വീസ് അവസാനിപ്പിച്ചതും വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Airports closed, flights to Afghanistan suspended; The Central Government has started talks to bring back Indians

We use cookies to give you the best possible experience. Learn more