| Tuesday, 1st June 2021, 8:59 am

സ്വകാര്യവല്‍ക്കരണം; അദാനി ഏറ്റെടുത്ത ലഖ്‌നൗ വിമാനത്താവളത്തില്‍ നിരക്കുകളില്‍ 10 മടങ്ങിന്റെ വര്‍ധനവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ലഖ്നൗ വിമാനത്താവളത്തിലെ അന്താരാഷ്ട്ര വിമാനങ്ങളുടെയും സ്വകാര്യ ജെറ്റുകളുടെയും ചാര്‍ജുകള്‍ 10 മടങ്ങ് വരെ ഉയര്‍ത്തിയതായി പരാതി. ദി ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റപ്പോര്‍ട്ട് ചെയ്തത്. ലോക്ഡൗണ്‍ കാലയളവ് മുതലെടുത്താണ് വര്‍ധനയെന്നാണ് സൂചന.

രാജ്യത്തെ ആറ് സര്‍ക്കാര്‍ വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷമാണ് ഈ വര്‍ധന. ഗ്രൂപ്പ് ഏറ്റെടുത്ത മറ്റ് അഞ്ച് വിമാനത്താവളങ്ങളിലും സമാന രീതിയില്‍
ഉടന്‍ തന്നെ നിരക്ക് വര്‍ധനയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുമ്പ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരുന്ന അഹമ്മദാബാദ്, ഗുവാഹത്തി, ജയ്പൂര്‍, ലഖ്നൗ, മംഗലാപുരം, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളുടെ നടത്തിപ്പ് 2019ല്‍ 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പ് കരാര്‍ നേടിയിരുന്നു. ഇതിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധവും നടന്നിരുന്നു.

ലഖ്നൗ എയര്‍പോര്‍ട്ട് എറ്റെടുത്തതിന് ശേഷം 2020 അവസാനത്തോടെ ഹാന്‍ഡ്ലിംഗ് എന്ന കമ്പനിയെ വിമാനത്താവള നടത്തിപ്പിനായി അദാനി ഏല്‍പ്പിച്ചിരുന്നു. അതേസമയം, റിപ്പോര്‍ട്ടുകള്‍ അനുസരിച്ചുള്ള ചോദ്യങ്ങളോട് അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചില്ല.

We use cookies to give you the best possible experience. Learn more