ന്യൂദല്‍ഹി: 2013 ല്‍ വിമാനയാത്രനിരക്കുകള്‍ കുറയുമെന്ന് റിപ്പോര്‍ട്ട്. 30 മുതല്‍ 60 ദിവസം വരെ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് അഡ്വാന്‍സ് ടിക്കറ്റുകളേക്കാള്‍ 20 ശതമാനം വരെ ഡിസ്‌ക്കൗണ്ട് നല്‍കാനാണ് വിമാനക്കമ്പനികളുടെ തീരുമാനം. []
മുന്‍കൂട്ടി യാത്ര പ്ലാന്‍ ചെയ്യുന്ന റെയില്‍ യാത്രികരെക്കൂടി ലക്ഷ്യമിട്ടാണ് വിമാനക്കമ്പനികള്‍ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കുന്നത്. ഇതുവഴി റെയില്‍ യാത്രികരില്‍ ചെറിയൊരു ശതമാനത്തെയെങ്കിലും ആകര്‍ഷിക്കാമെന്നാണ് വിമാനക്കമ്പനികളുടെ പ്രതീക്ഷ.
ഇന്ത്യന്‍ വ്യോമയാന വ്യവസായം സ്ഥിരത കൈവരിച്ചതോടെ 2013ല്‍ നിരക്കുകള്‍ കുറയുമെന്നാണ് ഈ രംഗത്തുള്ളവരുടെ പ്രതീക്ഷ. എയര്‍ഇന്ത്യ, ഇന്‍ഡിഗോ, ജെറ്റ് എന്നിവ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതും നിരക്കുകള്‍ കുറയാന്‍ ഇടയാക്കും.
പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ഇന്ത്യയാണ് ഇത്തരമൊരു പദ്ധതി ആദ്യമായി ആവിഷ്‌കരിച്ചത്. “ജല്‍ദി ജല്‍ദി” എന്ന പേരില്‍ ഇക്കഴിഞ്ഞ സപ്തംബറില്‍ അവതരിപ്പിച്ച പദ്ധതി പുതുവര്‍ഷത്തിലും തുടരാനാണ് എയര്‍ഇന്ത്യയുടെ പദ്ധതി.
ഇന്‍ഡിഗോയും മുന്‍കൂര്‍ ബുക്കിങ്ങിന് ഡിസ്‌കൗണ്ട് നല്‍കും. ജെറ്റ് എയര്‍വെയ്‌സും ഇത്തരത്തിലുള്ള അഡ്വാന്‍സ് ബുക്കിങ് ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കിങ്ഫിഷര്‍ എയര്‍ലൈന്‍സ് സര്‍വീസുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് സീറ്റുകളുടെ ലഭ്യത കുറഞ്ഞത് കാരണം 2012ല്‍ ആഭ്യന്തര വിമാനയാത്രാനിരക്കുകള്‍ 3050 ശതമാനം കുതിച്ചുയര്‍ന്നിരുന്നു.
ഇന്ധനവില കൂടിയതും രൂപയുടെ വിലയിടിവും എയര്‍പോര്‍ട്ട് നിരക്കുകള്‍ കൂടിയതും വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവ് വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ പഠനം വെളിപ്പെടുത്തുന്നു. ഇതും നിരക്കുകള്‍ കൂടാന്‍ കാരണമായി.