| Tuesday, 14th November 2023, 7:58 pm

ചരക്കുകളുടെ ഡെലിവെറിയില്‍ വരുത്തുന്ന കാലതാമസം; എയര്‍ലൈന്‍സ് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥര്‍: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചരക്കുകളുടെ ഡെലിവറിയില്‍ വരുത്തുന്ന കാലതാമസത്തില്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ എയര്‍ലൈന്‍സ് ബാധ്യസ്ഥരാണെന്ന് സുപ്രീം കോടതി. നിശ്ചിത സമയത്ത് സാധനങ്ങള്‍ ഡെലിവറി ചെയ്യാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെങ്കില്‍ പിന്നീട് അത് വൈകിപ്പിക്കുന്നത് തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ആയതിനാല്‍ തന്നെ നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്ന് സ്ഥാപനങ്ങള്‍ക്ക് രക്ഷപെടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

കുവൈത്ത് എയര്‍വേയ്സ് വഴി അയച്ച 104 പെട്ടി ഇന്ത്യന്‍ കരകൗശലവസ്തുക്കള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ബിസിനസില്‍ നഷ്ടം നേരിടേണ്ടി വന്ന രാജസ്ഥാന്‍ ആര്‍ട് എംപോറിയം നല്‍കിയ പരാതിയിലാണ് കോടതിയുടെ ഈ നിരീക്ഷണം. 1996 മുതല്‍ ഉന്നയിച്ച ഉപഭോക്തൃ തര്‍ക്കം തീര്‍പ്പാക്കുന്നതിനിടെയാണ് കോടതി വിധി പുറപ്പെടുവിച്ചത്.

കുവൈത്ത് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ (എന്‍.സി.ഡി.ആര്‍.സി) ശ്രദ്ധയില്‍ പരാതിക്കാരന് പിഴവുപറ്റിയിട്ടുണ്ടെന്ന് കാണിക്കുന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് എയര്‍ലൈന്‍സ് സുപ്രീം കോടതിയെ സമീപിച്ചത്.

ഏഴ് ദിവസത്തിനുള്ളില്‍ അടിയന്തര ഡെലിവറി നടത്തുമെന്നും ജോലി പൂര്‍ത്തിയാക്കുമെന്നും വാഗ്ദാനം ചെയ്ത ഡാഗ എയര്‍ ഏജന്റ്‌സ്, ഒന്നര മാസത്തിന് ശേഷമാണ് ചരക്ക് യു.എസിലെ മെംഫിസിലെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചതെന്ന് പരാതിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

ഏജന്റ് ചരക്ക് ഡെലിവറി ചെയ്യുന്നതിനുള്ള സമയത്തിന്റെ ഷെഡ്യൂള്‍ പുറപ്പെടുവിച്ചാല്‍ ചരക്ക് വിതരണം ചെയ്യുന്നതിനുള്ള ഒരു കരാറും ഇല്ലെന്ന് സ്ഥാപനത്തിന് വാദിക്കാന്‍ സാധിക്കില്ലെന്നും ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

നിയമം അനുസരിച്ച് മുഴുവന്‍ നഷ്ടപരിഹാരവും നല്‍കുന്നതില്‍ എന്‍.സി.ഡി.ആര്‍.സി പരാജയപ്പെട്ടുവെന്ന് എംപോറിയം അവകാശപ്പെട്ടിരുന്നു. ചരക്കിന്റെ ആകെ ഭാരം 2507.5 കിലോഗ്രാം ആണെന്നും നഷ്ടപരിഹാരം 20 ലക്ഷം രൂപ കവിയുമെന്നും സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലില്‍ പറഞ്ഞിരുന്നു.

അതേസമയം നഷ്ടപരിഹാര തുക കൂടുതലായിരിക്കുമെന്നും എന്‍.സി.ഡി.ആര്‍.സിക്ക് മുമ്പാകെ നല്‍കിയ പരാതിയില്‍ എംപോറിയത്തിന് പിഴവുണ്ടായെന്നും കോടതി നിരീക്ഷിച്ചു.

Content Highlight: Airlines liable to pay compensation for delay in delivery: Supreme Court

We use cookies to give you the best possible experience. Learn more