യാത്രാനിരക്ക് ഇരട്ടിയാക്കി വിമാനക്കമ്പനികള്‍
Big Buy
യാത്രാനിരക്ക് ഇരട്ടിയാക്കി വിമാനക്കമ്പനികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th August 2016, 10:22 am

കരിപ്പൂര്‍: പ്രവാസിമലയാളികള്‍ക്ക് തിരിച്ചടിയായി വിമാനക്കമ്പനികളുടെ നിരക്ക് വര്‍ധന. ഓണം പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി നാട്ടിലെത്താനിരിക്കുന്ന പ്രവാസികള്‍ക്കാണ് നിരക്ക് വര്‍ധനവ് വലിയ ബാധ്യതയാവുക.

സെപ്തംബര്‍ ഒന്നുമുതല്‍ 20 വരെയുള്ള സമയത്തെ യാത്രയ്ക്ക് വന്‍വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. സെപ്തംബര്‍ രണ്ടാംവാരത്തിലാണ് അവധിക്കാലംകഴിഞ്ഞ് ഗല്‍ഫ്‌മേഖലയിലെ സ്‌കൂളുകള്‍ തുറക്കുന്നത്. റംസാനോടനുബന്ധിച്ച് നാട്ടിലെത്തിയ പ്രവാസികള്‍ കുടുംബത്തോടെ മടങ്ങുന്നതും ഈ സമയത്താണ്.

പലമേഖലകളിലേക്കും 200 ശതമാനത്തിലധികമാണ് വര്‍ധന. ദോഹ ബഹ്‌റൈന്‍ മേഖലയിലേക്കാണ് ഏറ്റവും ഉയര്‍ന്ന നിരക്കുവര്‍ധന വരുത്തിയിരിക്കുന്നത്. പരിധിവിട്ട ടിക്കറ്റ് നിരക്കുവര്‍ധന അനുവദിക്കില്ലെന്ന് കേന്ദ്രവ്യോമയാന മന്ത്രാലയം വിമാനക്കമ്പനികള്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് വിമാനക്കമ്പനികളുടെ നിരക്ക് വര്‍ധന.

ഈ സമയത്ത് കോഴിക്കോടുനിന്നുള്ള യാത്രക്കാര്‍ 52,000 രൂപയ്ക്കുമുകളില്‍ നല്‍കിയാലെ യാത്ര സാധ്യമാവൂ. തിരുവനന്തപുരത്തുനിന്നും 48,000 രൂപക്ക് മുകളിലും കൊച്ചിയില്‍നിന്നും 47,000 ത്തിനു മുകളിലുമായാണ് നിരക്കുകള്‍,

എന്നാല്‍ യു.എ.ഇ, മസ്‌കറ്റ്, സൗദി എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ്‌നിരക്കുകള്‍ എത്രയെന്ന് ഇപ്പോള്‍ വ്യക്തമായിട്ടില്ല. എന്തായാലും ഇരട്ടിയിലധികം വര്‍ധന ഇവിടങ്ങളിലേക്കും പ്രതീക്ഷാം.