| Saturday, 8th August 2020, 4:08 pm

'ഉചിതമായ നഷ്ടപരിഹാരം നല്‍കും'; മരണപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം അടിയന്തര സഹായം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ; പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് 10 ലക്ഷം രൂപ ധനസഹായം നല്‍കും. മരണപ്പെട്ട 12 വയസില്‍ താഴെയുള്ള കുട്ടികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും ധനസഹായം നല്‍കും. സാരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ചെറിയ പരിക്കുകള്‍ പറ്റിയവര്‍ക്ക് 50000 രൂപയും സഹായം നല്‍കും.

ഇന്‍ഷൂറന്‍സ് നടപടി ക്രമങ്ങള്‍ പാലിക്കുമെന്നും ഉചിതമായ ഘട്ടത്തില്‍, നിയമം അനുശാസിക്കുന്ന പ്രകാരം നഷ്ടപരിഹാരം ആളുകള്‍ക്ക് നല്‍കുമെന്നും നിലവില്‍ പ്രഖ്യാപിക്കുന്നത് അടിയന്തര സഹായമാണെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചിട്ടുണ്ട്.

നിലവില്‍ 149 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ 23 പേരുടെ നില ഗുരുതരമാണ്.

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവരുടെ തുടര്‍ചികിത്സയ്ക്കുള്ള സഹായവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ കാര്യത്തിലും സര്‍ക്കാര്‍ വേണ്ട ശ്രദ്ധ പുലര്‍ത്തുമെന്നും ഏത് ആശുപത്രിയിലും ചികിത്സയ്ക്കുള്ള സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.അപകടം നടന്ന സ്ഥലവും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മുഖ്യമന്ത്രിക്ക് പുറമെ വ്യോമയാന മന്ത്രിയും സ്ഥലം സന്ദര്‍ശിച്ചിരുന്നു.

മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും സാരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ നല്‍കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും അറിയിച്ചിട്ടുണ്ട്.

സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ ഇടക്കാലാശ്വാസമായാണ് തുക നല്‍കുക. അപകടം കാരണം ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും ബ്ലാക്ക് ബോക്‌സ് പരിശോധിച്ച ശേഷം മാത്രമേ അപകടത്തെ കുറിച്ച് പറയാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

ഊഹാപോഹങ്ങള്‍ക്കുള്ള സമയമല്ല ഇതെന്നും പരമാവധി തെളിവുകള്‍ കണ്ടെത്തുകയാണ് പ്രധാനമെന്നും ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

content highlight;  Airline to give compensation of Rs 10 lakh to families of slain passengers

We use cookies to give you the best possible experience. Learn more