| Friday, 22nd February 2013, 11:33 am

വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ കുറച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ വിമാനക്കമ്പനികള് ടിക്കറ്റ് നിരക്കുകള്‍ വന്‍തോതില്‍ കുറച്ചു. ജെറ്റ് എയര്‍വെയ്‌സിന് പിന്നാലെ സ്‌പൈസ്‌ജെറ്റ്, ഗോഎയര്‍ , ഇന്‍ഡിഗോ എന്നിവ ഇതിനോടകം നിരക്ക് കുറച്ചിട്ടുണ്ട്. []

ഫിബ്രവരി 24 വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് പ്രത്യേക നിരക്കില്‍ സ്‌പൈസ്‌ജെറ്റ് ടിക്കറ്റ് ലഭ്യമാക്കുന്നത്. ഫിബ്രവരി 19 മുതല്‍ ഏപ്രില്‍ 15 വരെയും ജൂലായ് ഒന്നു മുതല്‍ സപ്തംബര്‍ 30 വരെയുമുള്ള കാലയളവിലെ യാത്രകള്‍ക്കാണ് പ്രത്യേക നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടുതല്‍ വിമാനയാത്രികരെ പിടിക്കാനായി പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ഇന്ത്യയും നിരക്ക് കുറച്ചേക്കും. സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്നും എയര്‍ഇന്ത്യ ഇക്കാര്യത്തില്‍ ഉടന്‍ പ്രതികരിക്കുമെന്നും എയര്‍ഇന്ത്യ ചെയര്‍മാനും എംഡിയുമായ രോഹിത് നന്ദന്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ജനവരിയില്‍ 10 ലക്ഷം ടിക്കറ്റുകള്‍ 2,013 രൂപ നിരക്കില്‍ സ്‌പൈസ്‌ജെറ്റ് ലഭ്യമാക്കിയതോടെയാണ് നിരക്കുയുദ്ധത്തിന് തുടക്കമായത്. ചൊവ്വാഴ്ച ജെറ്റ് എയര്‍വെയ്‌സ് 20 ലക്ഷം ടിക്കറ്റുകള്‍ 2,250 രൂപ നിരക്കില്‍ ലഭ്യമാക്കാന്‍ തുടങ്ങിയതോടെ മത്സരം ശക്തമാകുകയായിരുന്നു.

ഗോഎയര്‍ 45 ദിവസം മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്‍ഡിഗോയും കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more