ലോകത്തിലെ ഏറ്റവും വിമാനമായിരുന്ന എയര്‍ലാന്‍ഡര്‍ 10 തകര്‍ന്നുവീണു
Daily News
ലോകത്തിലെ ഏറ്റവും വിമാനമായിരുന്ന എയര്‍ലാന്‍ഡര്‍ 10 തകര്‍ന്നുവീണു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th August 2016, 10:23 am

ലണ്ടന്‍: ലോകത്തെ ഏറ്റവും വലിയ വിമാനമായ എയര്‍ലാന്‍ഡര്‍ 10 കിഴക്കന്‍ ഇംഗ്ലണ്ടില്‍ തകര്‍ന്നുവീണു. കഴിഞ്ഞയാഴ്ച ലണ്ടനില്‍ തകരാറുകള്‍ പരിഹരിച്ചശേഷമുള്ള രണ്ടാമത്തെ പറക്കലിനിടെയാണ് വിമാനം തകര്‍ന്നുവീണത്.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. നിലത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എയര്‍ലാന്‍ഡര്‍ തകര്‍ന്നതെന്ന് ഹൈബ്രിഡ് എയര്‍ വെഹിക്കിള്‍സ് വക്താവ് പറഞ്ഞു.

വിമാനവും ഹെലികോപ്റ്ററും എയര്‍ഷിപ്പായും ഉപയോഗിക്കാവുന്ന എയര്‍ലാന്‍ഡറിന് 92 മീറ്റര്‍ നീളമുണ്ട്. സാധാരണ യാത്രാവിമാനത്തേക്കാള്‍ 15 മീറ്റര്‍ അധികം വരുമിത്. ആഗസ്ത് 17നാണ് പരിക്കുകള്‍ തീര്‍ത്ത വിമാനം വീണ്ടും പറന്നത്.

അമേരിക്കന്‍ സര്‍ക്കാരിനുവേണ്ടിയാണ് വിമാനം ആദ്യരൂപകല്‍പ്പന ചെയ്തത്. പിന്നീട് ബ്രിട്ടന്‍ ഇത് തിരിച്ചുപിടിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ലണ്ടനിലെ കാര്‍ഡിങ്ടണ്‍ വ്യോമതാവളത്തില്‍ നിന്നാണ് വിമാനം ആദ്യ പറക്കല്‍ നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച തന്നെ ആദ്യ പറക്കലിന് ശ്രമം നടത്തിയിരുന്നുവെങ്കിലും സാങ്കേതിക തടസം മൂലം ഉപേക്ഷിക്കുകയായിരുന്നു.

തുടര്‍ച്ചയായി അഞ്ച് ദിവസം വരെ പറക്കാന്‍ കഴിവുള്ളതാണ് ഹീലിയം നിറച്ച ഈ വിമാനം. സാധാരണ വിമാനത്തിലും കുറഞ്ഞ ഇന്ധനം മതി എയര്‍ലാന്‍ഡറിന് എന്നായിരുന്നു അവകാശവാദം.

അഫ്ഗാനിസ്ഥാനില്‍ സൈനിക നിരീക്ഷണത്തിനായി യു.എസ് കരസേനയാണ് എയര്‍ലാന്‍ഡര്‍ 10 വികസിപ്പിച്ചെടുത്തത്. 2013ല്‍ പദ്ധതി ഉപേക്ഷിച്ചു. ഇതിനെ തുടര്‍ന്ന് ബ്രിട്ടനിലെ വ്യോമയാന കമ്പനിയായ ഹ്രൈബ്രിഡ് എയര്‍വെഹിക്കിള്‍സ് പദ്ധതി ഏറ്റെടുക്കുകയായിരുന്നു.

ഒറ്റനോട്ടത്തില്‍ കപ്പല്‍ രൂപത്തിലാണ് ഈ വിമാനം. നിരവധി പേരെ സാക്ഷി നിര്‍ത്തി ആദ്യ പറക്കല്‍ നടത്തിയത്. അരമണിക്കൂറുള്ളതായിരുന്നു ആദ്യ യാത്ര.