| Tuesday, 4th September 2018, 6:34 pm

ഓട്ടോറിക്ഷയില്‍ പോകുന്നതിനേക്കാള്‍ ലാഭം വിമാനത്തില്‍ പോകുന്നത്: വിചിത്ര വാദവുമായി കേന്ദ്ര മന്ത്രി ജയന്ത് സിന്‍ഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗോരഖ്പൂര്‍: ഇന്നത്തെ സാഹചര്യത്തില്‍ ഓട്ടോറിക്ഷാ നിരക്കിനേക്കാള്‍ കുറവാണ് വിമാനത്തിന്റെ നിരക്കെന്ന വിചിത്ര വാദവുമായി കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. ഗോരഖ്പൂര്‍ വിമാനത്താവളത്തിലെ പുതിയ ആഭ്യന്തര ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രസ്താവന.

“ഇന്നത്തെ കാലത്ത് ഓട്ടോറിക്ഷയേക്കാള്‍ നിരക്ക് കുറവാണ് വിമാനത്തിനെന്ന് പറഞ്ഞാല്‍ അതെങ്ങനെ സാധ്യമാകുന്നു എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്ന രണ്ടുപേര്‍ പത്തുരൂപ നല്‍കുകയാണെന്ന് കരുതുക. അങ്ങനെ വരുമ്പോള്‍ നിങ്ങളില്‍ നിന്ന് കിലോമീറ്ററിന് അഞ്ച് രൂപയാണ് ഈടാക്കുക. എന്നാല്‍ വിമാനത്തിലാകുമ്പോള്‍ അത് കിലോമീറ്ററിന് നാലു രൂപ മാത്രമാണ്”. സിന്‍ഹ പറഞ്ഞു.


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ വ്യോമയാന മേഖല വികസനത്തിന്റെ പാരമ്യത്തിലാണെന്നും മന്ത്രി അവകാശപ്പെട്ടു. വിമാനയാത്രക്കാരുടെ എണ്ണത്തില്‍ ഈ വര്‍ഷം ഇരട്ടി വര്‍ദ്ധനയുണ്ടായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

2013 വരെ ആറു കോടി ജനങ്ങളാണ് യാത്രക്കായി വിമാനങ്ങളെ ആശ്രയിച്ചിരുന്നത്. എന്നാലിപ്പോള്‍ അത് 12 കോടിയായി ഉയര്‍ന്നിട്ടുണ്ട്. നേരത്തെ 75 വിമാനത്താവളങ്ങള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 100 ആയെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, അലഹബാദ് എന്നിവിടങ്ങളില്‍ നിന്ന് ഗോരഖ്പൂരിലേയ്ക്കും തിരിച്ചും ഇന്‍ഡിഗോയുടെ പത്ത് വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് മന്ത്രി പറഞ്ഞു.

We use cookies to give you the best possible experience. Learn more