| Thursday, 27th December 2012, 10:07 am

എയര്‍സെല്‍ 750 ടവറുകളുടെ പ്രവര്‍ത്തനം നിര്‍ത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: രാജ്യത്തെ മൊബൈല്‍ സേവനദാതാക്കളായ എയര്‍സെല്‍ കേരള സര്‍ക്കിളില്‍ നിന്ന് പിന്‍വാങ്ങുന്നതിന്റെ ഭാഗമായി 750ഓളം ടവറുകളുടെ പ്രവര്‍ത്തനം നിര്‍ത്തി. []

ടെലികോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) നിയമമനുസരിച്ച് ടെലികോം കമ്പനികള്‍ ഏതെങ്കിലുമൊരു സര്‍ക്കിളിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന്റെ മുന്നോടിയായി ഉപഭോക്താക്കള്‍ക്ക് മറ്റ് കമ്പനികളിലേക്ക് കണക്ഷന്‍ മാറ്റാന്‍ ഒരുമാസത്തെ നോട്ടീസ് നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. ഇത് പാലിക്കാതെയാണ് എയര്‍സെല്‍, ടവറുകളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ തുടങ്ങിയിരിക്കുന്നത്.

സിഗ്‌നല്‍ കിട്ടാതെയായതോടെ, ഉപഭോക്താക്കളുടെ പരാതി വര്‍ധിച്ചു. ഇതിനിടെ, എയര്‍സെല്ലിന്റെ പല ഷോറൂമുകളും കഴിഞ്ഞ ദിവസങ്ങളില്‍ അടയ്ക്കാന്‍ തുടങ്ങി.

പ്രമുഖ ടവര്‍ കമ്പനികളായ ഇന്‍ഡസ് ടവേഴ്‌സ്, ജി.ടി.എല്‍. എന്നിവയാണ് എയര്‍സെല്ലിന് ടവറുകള്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. കേരളത്തിലൊട്ടാകെ ഇന്‍ഡസ് 1,200ഓളം ടവറുകളും ജി.ടി.എല്‍. 500 ടവറുകളുമാണ് എയര്‍സെല്ലിന് നല്‍കിയിട്ടുള്ളത്. ഇതില്‍ ഇന്‍ഡസിന്റെ 750 എണ്ണമാണ് പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്നത്.

ഇതിനിടെ, 30 ഓളം വരുന്ന വിതരണക്കാര്‍, കമ്പനിക്കെതിരെ ഡി.ജി.പി.ക്ക് പരാതി സമര്‍പ്പിച്ചു. തങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ ഡെപ്പോസിറ്റ് വാങ്ങിയശേഷം നോട്ടീസ് പോലും നല്‍കാതെ കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കാണിച്ചാണ് പരാതി. ഓരോ വിതരണക്കാര്‍ക്കും 1015 ലക്ഷം രൂപ വരെ കമ്പനി നല്‍കാനുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.

We use cookies to give you the best possible experience. Learn more