[]മുംബൈ: അടുത്ത ആറ് മാസത്തിനുള്ളില്‍ രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ എയര്‍സെല്‍ 4ജി സേവനം നല്‍കിയേക്കുമെന്ന് സൂചന. ഇതോടെ 4ജി നല്‍കുന്ന രാജ്യത്തെ രണ്ടാമത്തെ നെറ്റ് വര്‍ക്കാകും എയര്‍സെല്‍.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോമാണ് ഇക്കാര്യത്തില്‍ എയര്‍സെല്ലിന്റെ എതിരാളി. നിലവില്‍ എയര്‍ടെല്‍ മാത്രമാണ് ഇന്ത്യയില്‍ 4ജി നല്‍കുന്നത്. ക്വാളിറ്റിയുടെ പേരിലുള്ള പ്രശ്‌നങ്ങള്‍ കാരണം ഇത് അത്ര വിജയമായിട്ടുമില്ല.
എയര്‍സെല്‍ പ്രധാനമായും ദക്ഷിണേന്ത്യയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ചെന്നൈയിലാണ് പുതിയ സര്‍വീസ് ആദ്യം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് കമ്പനിയുടെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസറായ അനുപം വാസുദേവ് പറയുന്നു. ചെന്നൈയിലെ മൊബൈല്‍ വരിക്കാരില്‍ 20 ശതമാനത്തോളം എയര്‍സെല്ലാണ് ഉപയോഗിക്കുന്നത്.
4ജി സേവനത്തിലേയ്ക്ക് പ്രവേശിക്കുന്നതിനാവശ്യമായ സാമ്പത്തികസഹായങ്ങള്‍ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി എയര്‍സെല്ലിന്റെ പ്രമോട്ടര്‍മാര്‍ സി.ബി.ഐയുടെ അഴിമതിക്കേസില്‍ കുരുങ്ങിയിരിക്കുകയാണ്. പ്രവര്‍ത്തനങ്ങള്‍ നഷ്ടത്തിലായതിനാല്‍ ബാങ്കുകളും വായ്പ നല്‍കാന്‍ മടിക്കുകയായിരുന്നു.
ഇന്ന് ആ അവസ്ഥ മാറിയെന്നും കമ്പനി ലാഭത്തിലേയ്ക്ക് നീങ്ങുകയാണെന്നും അനുപം വാസുദേവ് പറഞ്ഞു.