ആ സമയത്ത് അനുവദനീയമായ പാത ലംഘിച്ചാണ് വിമാനം പറന്നിരുന്നതെന്ന് വ്യോമ ഗതാഗത ആക്ടിങ് ഡയറക്ടര്‍ ജോക്കോ മുര്‍ജാത് മോജോ പറഞ്ഞു. വിമാനത്തിന്റെ സമയം വ്യക്തമാക്കിയിട്ടുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച്ചകളില്‍ ആ പാതയില്‍ സഞ്ചരിക്കാന്‍ എയര്‍ എഷ്യാ വിമാനങ്ങള്‍ക്ക് അനുമതിയുണ്ടായിരുന്നില്ലെന്ന് ഗതാഗത മന്ത്രാലയ വക്താവ് പറഞ്ഞു. അതേസമയം അധികാരികളുടെ ഏതന്വേഷണവുമായും സഹകരിക്കുമെന്ന് എയര്‍ ഏഷ്യ പറഞ്ഞു.
ജാവ കടലില്‍ പതിച്ച എയര്‍ ഏഷ്യ വിമാനത്തില്‍ ഉണ്ടായിരുന്ന 30 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വിമാനത്തിന്റെ വലിയ രണ്ട് ഭാഗങ്ങളും തിരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു 162 യാത്രക്കാരെയും വഹിച്ച് സുരബായില്‍ നിന്നും പറന്നുയര്‍ന്നിരുന്ന എയര്‍ ഏഷ്യ QZ8501 വിമാനം അപ്രത്യക്ഷമായത്. പ്രാദേശിക സമയം 6.17 നാണ് ദക്ഷിണ ചൈനാ കടലിനും ജാവാ കടലിനുമിടയിലെ ബെലിട്ടങ് ദ്വീപിനു തെക്കുകിഴക്ക് 185 കിലോമീറ്റര്‍ അകലെ വെച്ചായി വിമാനത്തില്‍ നിന്നുള്ള അവസാന സന്ദേശം ലഭിച്ചിരുന്നത്.