ആകാശവാണി ബലൂചിസ്ഥാനിലേക്ക്
Daily News
ആകാശവാണി ബലൂചിസ്ഥാനിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st August 2016, 2:58 pm

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതിന് അനുമതി നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.


ന്യൂദല്‍ഹി: പാക്കിസ്ഥാന് ശക്തമായ താക്കീതുമായി ബലൂചി ഭാഷയില്‍ പ്രക്ഷേപണം ആരംഭിക്കാന്‍ ആകാശവാണി. ആകാശവാണിക്ക് ഇതിനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതിന് അനുമതി നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ബലൂചിസ്ഥാനെക്കുറിച്ചു പരാമര്‍ശിച്ചതിനു പിന്നാലെയാണ് പുതിയ നീക്കം.

സ്വാതന്ത്ര്യദിനത്തില്‍ ചങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു, പാക്കിസ്ഥാനിലെ ബലൂച് മേഖലയിലെ സ്വാതന്ത്ര്യ പോരാട്ടത്തെ മോദി പരാമര്‍ശിച്ചത്. ബലൂചിസ്ഥാന്‍, ഗില്‍ജിത്, പാക്ക് അധീന കാശ്മീര്‍ എന്നിവിടങ്ങളിലെ ജനങ്ങളെ അടിച്ചമര്‍ത്തുന്ന പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ നിലപാടുകളെ വിമര്‍ശിച്ചതിന് അവിടുത്തെ ജനങ്ങള്‍ തനിക്കു നന്ദി പറയുന്നുണ്ടെന്ന് മോദി പറഞ്ഞിരുന്നു.

ഇറാനുമായും അഫ്ഗാനിസ്ഥാനുമായും അതിര്‍ത്തി പങ്കിടുന്ന പാക്ക് പ്രവിശ്യയാണ് ബലൂചിസ്ഥാന്‍. വിസ്തൃതിയില്‍ പാക്കിസ്ഥാന്റെ മൂന്നില്‍ രണ്ടോളം വരും. എന്നാല്‍ പാക്ക് ജനസംഖ്യയുടെ അഞ്ചിലൊന്നേ ഇവിടെയുള്ളൂ. പ്രകൃതിവാതക നിക്ഷേപവും ധാതുക്കളും കൊണ്ടു സമ്പന്നം.

സ്വതന്ത്ര ബലൂചിസ്ഥാന്‍ എന്ന ആവശ്യത്തിനു പാക്കിസ്ഥാന്റെ ചരിത്രത്തോളം പഴക്കമുണ്ട്. 1970 കളില്‍ നടന്ന പ്രക്ഷോഭത്തെ പാക്കിസ്ഥാന്‍ അടിച്ചമര്‍ത്തി. ബലൂചിസ്ഥാനില്‍ ഇന്ത്യ വിഘടനവാദം വളര്‍ത്തുന്നുവെന്നു പാക്കിസ്ഥാന്‍ കാലാകാലങ്ങളായി ആരോപിച്ചു വരുന്നുണ്ട്.

കഴിഞ്ഞ മാസം ആകാശവാണിയുടെ കോഴിക്കോട് നിലയത്തിലെ വാര്‍ത്താ വിഭാഗം അടച്ചുപൂട്ടാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ധനമന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ രണ്ടു ദിവസത്തിനു ശേഷം കേന്ദ്രം ഈ നടപടി പിന്‍വലിക്കുകയായിരുന്നു.