| Friday, 29th March 2013, 9:42 am

സ്‌കൂള്‍ അവധിക്കാലം ചൂഷണം ചെയ്യാന്‍ വിമാനകമ്പനികളുടെ ടിക്കറ്റ് നിരക്ക് വര്‍ധന

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗള്‍ഫിലേക്കുള്ള വിമാന യാത്രാനിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. കേരളത്തിലെ സ്‌കൂളുകളുടെ അവധിക്കാലം പ്രമാണിച്ചാണ്  വിമാനക്കമ്പനികള്‍ അന്യായമായി നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. []

തിരുവനന്തപുരം-ദുബൈ-തിരുവനന്തപുരം ടിക്കറ്റിന് 36000 രൂപയാണ് പുതിയ നിരക്ക് വര്‍ധന. സാധാരണയായി ദുബായിലേക്ക് ഉള്ള ടിക്കറ്റ് 6000 രൂപ മുതലാണ് നിരക്ക് ഇത് 19000 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

എയര്‍ ഇന്ത്യയുടെ നിരക്ക് 13000-14000 വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കൂടാതെ തിരുവനന്തപുരം- അബുദാബി ടിക്കറ്റിന് 14830 രൂപയും മസ്‌കറ്റിലേക്ക് 13045 രൂപയുമാണ് ഇപ്പോള്‍ വിമാന കമ്പനികള്‍ ഈടാക്കുന്നത്.

സ്‌കൂള്‍ അവധി പ്രമാണിച്ച് മലയാളി യാത്രക്കാരെ ചൂഷണം ചെയ്യാനാണ് വിമാന കമ്പനികള്‍ ശ്രമിക്കുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഏപ്രില്‍ 15 വരെ കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് ടിക്കറ്റ് കിട്ടാനില്ലാത്ത സ്ഥിതിയാണുള്ളത്.

ഏപ്രില്‍ 15 വരെയാണ് ടിക്കറ്റ് വര്‍ധനവെന്നാണ് കമ്പനികള്‍ അറിയിച്ചിരിക്കുന്നത്. അതേ സമയം തന്നെ ഇതിനു ശേഷവും നിരക്ക് കുറയാനിടയില്ലെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നുണ്ട്.

സ്വകാര്യ വിമാന കമ്പനികളില്‍ എമിറേറ്റ്‌സ് ആണ് ടിക്കറ്റ് വില വര്‍ധനയില്‍ മുമ്പന്തിയിലുള്ളത്.  കഴിഞ്ഞ ഓണം-റംസാന്‍ സീസണിലും ഇതേ പോലെ തന്നെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയിരുന്നു.

We use cookies to give you the best possible experience. Learn more