ദല്‍ഹിയിലെ വായുമലിനീകരണം; പടക്ക നിരോധനം നടപ്പാക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന് സുപ്രീം കോടതി
national news
ദല്‍ഹിയിലെ വായുമലിനീകരണം; പടക്ക നിരോധനം നടപ്പാക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th November 2024, 5:59 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പടക്ക നിരോധനം നടപ്പാക്കാത്തതിന് ദല്‍ഹി പൊലീസിനെ വിമര്‍ശിച്ച് സുപ്രീം കോടതി. ഒരാഴ്ചക്കകം സമ്പൂര്‍ണ പടക്ക നിരോധനം നടപ്പിലാക്കാന്‍ സ്വീകരിച്ച നടപടികളുടെ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കണമെന്നും പൊലീസ് കമ്മീഷണറോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

ജസ്റ്റിസ് അഭയ് ഓക്ക, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. നവംബര്‍ 14ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

രാജ്യതലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം മോശമാകുന്ന സാഹചര്യത്തില്‍ നിരോധന നടപടികള്‍ പൊലീസ് കൃത്യമായി നടപ്പാക്കിയില്ലെന്നാണ് സുപ്രീം കോടതിയുടെ വിമര്‍ശനം.

ഈ വര്‍ഷം പടക്കം നിരോധിക്കാന്‍ സ്വീകരിച്ച നടപടികളും നിയമം നടപ്പിലാവുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വേണ്ടി നിര്‍മിച്ച നിര്‍ദേശങ്ങളും അടങ്ങുന്ന സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കണമെന്നാണ് പറഞ്ഞത്. പൊലീസിനോടും എ.എ.പി സര്‍ക്കാരിനോടുമാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

ദീപാവലി കഴിഞ്ഞ ദിവസം മുതല്‍ ദല്‍ഹി ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി മാറിയെന്നും ദല്‍ഹിയുടെ പല ഭാഗങ്ങളിലും വായുവിന്റെ ഗുണനിലവാരം ഗുരുതരമായി കുറഞ്ഞതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ദല്‍ഹിയിലെ പല പ്രദേശങ്ങളിലെ ജനങ്ങളിലും ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ഈ വര്‍ഷം ദല്‍ഹിയിലെ മലിനീകരണ തോത് വളരെ ഉയര്‍ന്ന നിലയിലായിരുന്നെന്നും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലേക്കാല്‍ ഇത് ഉയര്‍ന്ന നിലയിലായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.

ദീപാവലിയോട് അനുബന്ധിച്ച് വൈക്കോല്‍ കത്തിക്കുന്ന കേസുകള്‍ വര്‍ധിച്ചതായി ചൂണ്ടിക്കാട്ടിയ കോടതി ഇതിനെ തുടര്‍ന്ന് ഒക്ടോബറിന്റെ അവസാന പത്ത് ദിവസങ്ങളിലുണ്ടായ കേസുകളുടെ എണ്ണം സൂചിപ്പിക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി വ്യക്തമാക്കി.

ഒക്ടോബറിലെ അവസാനത്തെ പത്ത് ദിവസങ്ങളില്‍ ഹരിയാന പഞ്ചാബ് സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് കോടതി ആവശ്യപ്പെട്ടത്. ഇരു സംസ്ഥാനങ്ങളും കേസുകളെ സംബന്ധിക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.

ഇതേ കാലയളവില്‍ ദല്‍ഹിയുടെ പരിധിയില്‍ ഫാമുകളില്‍ തീപ്പിടുത്തമുണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാക്കാന്‍ ദല്‍ഹി സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു.

ഗതാഗത നവീകരണം, ഹെവി ട്രക്കുകളുടെ പ്രവേശനം മൂലമുണ്ടാകുന്ന മലിനീകരണം, വ്യവസായിക മലിനീകരണം എന്നിവയുള്‍പ്പെടെ മലിനീകരണമുണ്ടാക്കുന്ന മറ്റ് തലങ്ങളേയും പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.

നഗരത്തിന്റെ പല ഭാഗങ്ങളിലും ഇന്നും വായുവിന്റെ ഗുണനിലവാരം മോശമായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഞായറാഴ്ച ദല്‍ഹിയില്‍ ഏറ്റവും മോശമായി എ.ക്യു.ഐ റീഡിങ്ങായിരുന്നു രേഖപ്പെടുത്തിയത്.

Content Highlight: Air pollution in Delhi; The Supreme Court said that the police had failed to enforce the ban on firecrackers