ന്യൂദല്‍ഹി: അന്തരീക്ഷത്തില്‍ പൊടി നിറഞ്ഞ് ശ്വാസം മുട്ടുന്ന അവസ്ഥയിലായിരിക്കുന്ന ദല്‍ഹിയില്‍ എത്രയും വേഗം ക്ലീന്‍ എയര്‍ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരിസ്ഥിതി സംരക്ഷണ സംഘടനയായ ഗ്രീന്‍ പീസ് ഇന്ത്യ. കഴിഞ്ഞ അഞ്ച് ദിവസമായി ദല്‍ഹിയിലെ പല പ്രദേശങ്ങളുടെയും വായു മലിനീകരണ തോത് severe കാറ്റഗറിയും കടന്നിരിക്കുകയാണ്.
കാറ്റിന്റെ വേഗതയിലുണ്ടായ വ്യത്യാസം സ്ഥിതിഗതികളില്‍ നേരിയ പുരോഗതിയുണ്ടാക്കിയിട്ടുണ്ടെങ്കിലും വായു മലിനീകരണത്തില്‍ ആശ്വാസകരമായ മാറ്റങ്ങളൊന്നും ഇപ്പോഴുമായിട്ടില്ല. പലയിടത്തും ചില സമയങ്ങളില്‍ severe plus കാറ്റഗറിയിലേക്കു വരെ മലിനീകരണത്തിന്റെ അളവ് ചെന്നെത്തുന്നുണ്ട്.
ക്ലീന്‍ എയര്‍ പദ്ധതിയില്‍ ഘട്ടം ഘട്ടമായുള്ള വായു മലിനീകരണ നിയന്ത്രണമാണ് ലക്ഷ്യമിടുന്നത്. ഇപ്പോഴത്തെ അവസ്ഥയ്ക്കുള്ള ത്വരിത പരിഹാരമെന്നതിലുപരി വരും കാലങ്ങളില്‍ ശുദ്ധ വായു ശ്വസിക്കാവുന്ന അവസ്ഥയിലെത്തിക്കുക എന്ന വലിയ നേട്ടമാണ് പദ്ധതിയുടെ ഉദ്ദേശം.
Also Read:യുവനേതാക്കള്‍ അച്ചടക്കം പഠിക്കണം; വി.ടി ബല്‍റാമിനെ വേദിയിലിരുത്തി ഹസന്റെ രൂക്ഷവിമര്‍ശനം
“വര്‍ഷം മുഴുവന്‍ കടുത്ത വായു മലിനീകരണ പ്രശ്‌നങ്ങള്‍ നേരിടുന്ന രാജ്യമാണ് ഇന്ത്യ. ദല്‍ഹിയില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്ന ഒരു വിപത്തുമല്ല ഇത്. പരിസ്ഥിതി വകുപ്പ് എത്രയും വേഗം നാഷണല്‍ ക്ലീന്‍ എയര്‍ പ്രോഗ്രാം നടപ്പാക്കേണ്ടിയിരിക്കുന്നു.” ഗ്രീന്‍ പീസ് ഇന്ത്യ പറയുന്നു. വലിയ തോതില്‍ മലിനീകരണം സൃഷ്ടിക്കുന്ന കമ്പനികളാണ് ഇൗ ദുരിതത്തിനു ഉത്തരവാദികളെന്നും സംഘടന പ്രതിനിധിയായ സുനില്‍ ദഹിയ പറയുന്നു.
ഇതുവരെ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളൊന്നും തൃപ്തികരമല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. വായു മലിനീകരണം അദൃശ്യനായ നിശബ്ദ കൊലയാളിയാണെന്നും പരിഹാരനടപടികള്‍ അനിവാര്യമാണെന്നും ദഹിയ ഊന്നിപ്പറയുന്നു.
കടുത്ത വായു മലിനീകരണവും പൊടിക്കാറ്റും ദുസ്സഹമായതോടെ കട്ടിയുള്ള മാസ്‌ക് ധരിച്ചു മാത്രമാണ് ദല്‍ഹി നിവാസികള്‍ പുറത്തേക്കിറങ്ങുന്നത്. ഈ അവസ്ഥ വര്‍ഷം മുഴുവന്‍ തുടരാനുള്ള സാധ്യതകളാണ് വിവിധ പരിസ്ഥിതി സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്.