ന്യൂദൽഹി: തലസ്ഥാനത്തെ മലിനീകരണത്തിന് ഉത്തരവാദികളായ വില്ലന്മാരായി കർഷകരെ ചിത്രീകരിക്കുന്നതിനെതിരെ സുപ്രീം കോടതി ജസ്റ്റിസ്.
‘ നിങ്ങളെല്ലാവരും ചേർന്ന് കർഷകനെ വില്ലനാക്കുകയാണ്. എന്നാൽ അദ്ദേഹം വില്ലനല്ല. താൻ ചെയ്യുന്നതിന് കർഷകന് അയാളുടേതായ കാരണങ്ങൾ ഉണ്ടാകും. എന്തുകൊണ്ടാണ് ഇത് ചെയ്യുന്നതെന്ന് പറയാൻ കഴിയുന്ന ഏക വ്യക്തി കർഷകൻ തന്നെയാണ്. പക്ഷേ അദ്ദേഹം ഇവിടെ ഇല്ല.
എന്നാൽ ആ ‘വില്ലനെ’ ആരും കേൾക്കുന്നില്ല. കർഷകനാണ് ഇവിടെ വരേണ്ടത്,’ ജസ്റ്റിസ് സുതാൻഷു ധൂലിയ പറഞ്ഞു.
പഞ്ചാബിൽ നവംബർ 19ന് മാത്രം 748ഓളം വയലുകളിൽ വൈക്കോലിന് തീയിട്ടു എന്ന് അമികസ് ക്യൂറി അപരാജിത സിങ് കോടതിയെ അറിയിച്ചതിനു മറുപടിയായിരുന്നു ജസ്റ്റിസിന്റെ പരാമർശം.
അതേസമയം സുപ്രീംകോടതി ബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന് ധൂലിയയിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്.
കോടതി നടപടികൾക്കും കൗൺസിലിങ്ങിനും ശേഷവും നിയമങ്ങൾ ലംഘിച്ച് വൈക്കോൽ കത്തിക്കുന്ന കർഷകർ അതിന്റെ ഫലം അനുഭവിക്കണമെന്ന് ജസ്റ്റിസ് കൗൾ പറഞ്ഞു.
നിയമങ്ങൾ ലംഘിക്കുന്ന കർഷകരെ താങ്ങുവില നൽകുന്നതിന് പരിഗണിക്കുന്നത് എന്തിനാണെന്ന് പഞ്ചാബ്, ഹരിയാന സർക്കാരുകളോട് അദ്ദേഹം ചോദിച്ചു.
അതേസമയം താങ്ങുവില ഒരു തർക്കവിഷയമാണെന്നും കർഷകർ ഒഴികെ എല്ലാവരുടെയും പ്രാതിനിധ്യം ഇവിടെയുണ്ട് എന്നും ജസ്റ്റിസ് ധൂലിയ ചൂണ്ടിക്കാട്ടി.
Content Highlight: Air Pollution: Don’t Make The Farmer A ‘Villian’ Before Hearing Him Out, Says SC Judge