വായു മലിനീകരണം: 2021ൽ ഇന്ത്യയിൽ അഞ്ച് വയസ്സിന് താഴെയുള്ള 170,000 കുട്ടികൾ മരിച്ചതായി റിപ്പോർട്ട്
national news
വായു മലിനീകരണം: 2021ൽ ഇന്ത്യയിൽ അഞ്ച് വയസ്സിന് താഴെയുള്ള 170,000 കുട്ടികൾ മരിച്ചതായി റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th June 2024, 1:24 pm

ന്യൂദൽഹി: 2021ൽ ഇന്ത്യയിൽ അഞ്ച് വയസ്സിന് താഴെയുള്ള 170,000 കുട്ടികൾ വായു മലിനീകരണം മൂലം മരിച്ചതായി റിപ്പോർട്ട്. സ്റ്റേറ്റ് ഓഫ് ഗ്ലോബൽ എയർ റിപ്പോർട്ടിലാണ് വായു മലിനീകരണം മൂലം കുഞ്ഞുങ്ങളുടെ മരണം കൂടിയിട്ടുണ്ടെന്ന കണക്കുകൾ പുറത്തു വന്നിരിക്കുന്നത്.

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കിടയിൽ വായു മലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങൾ പല പ്രദേശങ്ങളിലും, പ്രത്യേകിച്ച് ദക്ഷിണേഷ്യയിലും കിഴക്ക്, പടിഞ്ഞാറ്, മധ്യ, തെക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലും ഉയർന്നതായി കാണുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വായുമലിനീകരണം ന്യുമോണിയ, ആഗോളതലത്തിൽ അഞ്ച് കുട്ടികളിൽ ഒരാൾക്ക് കാരണമാകുന്ന താഴ്ന്ന ശ്വാസകോശ അണുബാധകൾ, മുതിർന്ന കുട്ടികളിലെ ശ്വാസകോശ രോഗമായ ആസ്മ എന്നീ അസുഖങ്ങളിലേക്ക് നയിക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു.

കണക്കുകൾ പ്രകാരം, ദക്ഷിണേഷ്യയിലെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട മരണനിരക്ക് ഓരോ100,000 കുട്ടികളിലും 164 ആണ്.

2021-ൽ ഇന്ത്യ, നൈജീരിയ, പാകിസ്ഥാൻ, എത്യോപ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികൾ മരിച്ചത് വായുമലിനീകരണവുമായി ബന്ധപ്പെട്ട അസുഖകൾ മൂലമെന്നാണ് റിപ്പോർട്ട്.

2021ൽ ഇന്ത്യയിൽ 169,400 കുട്ടികൾ വായു മലിനീകരണം മൂലമുള്ള രോഗങ്ങൾ കൊണ്ട് മരിച്ചപ്പോൾ നൈജീരിയയിൽ 114,100 കുഞ്ഞുങ്ങളുടെ മരണം രേഖപ്പെടുത്തി. പാകിസ്ഥാനിൽ 68,100 കുഞ്ഞുങ്ങളുടെ മരണവും എത്യോപ്യയിൽ 31,100 മരണവും സ്ഥിരീകരിച്ചു. ബംഗ്ലാദേശിൽ 19,100 കുട്ടികൾ മരിക്കുകയും ചെയ്തു.

കുട്ടികളിൽ വായു മലിനീകരണത്തിൽ നിന്നുള്ള കേടുപാടുകൾ ഗർഭപാത്രത്തിൽ നിന്ന് തന്നെ ആരംഭിക്കുകയും ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ ജീവിതകാലം മുഴുവൻ നിലനിൽക്കുകയും ചെയ്യുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മുൻ വർഷങ്ങളിൽ കണക്കാക്കിയതിനേക്കാൾ കൂടുതൽ മരണങ്ങൾ വായു മലിനീകരണവുമായി ബന്ധപ്പെട്ട് 2021ൽ ഉണ്ടായിട്ടുണ്ടെന്നും ഇതിൽ പറയുന്നു.

Content Highlight: Air pollution caused 170K kids’ deaths in India in 2021: Report