|

എയര്‍ ഇന്ത്യ ഇനിമുതല്‍ യാത്രക്കാരെ 'ജയ്ഹിന്ദ്' പറഞ്ഞ് സ്വാഗതം ചെയ്യും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എയര്‍ ഇന്ത്യ ജീവനക്കാര്‍ ഇനി യാത്രക്കാരെ സ്വാഗതം ചെയ്യുക “ജയ്ഹിന്ദ്” പറഞ്ഞുകൊണ്ട്. വിമാനം പുറപ്പെടും മുമ്പ് യാത്രക്കാരെ ജയ്ഹിന്ദ് പറഞ്ഞുകൊണ്ട് അഭിസംബോധന ചെയ്യുന്നത് യാത്രക്കാരില്‍ പുത്തനുണര്‍വും ഐക്യവും ഉണ്ടാക്കുമെന്നാണ് എയര്‍ ഇന്ത്യയുടെ വിലയിരുത്തല്‍. ആതിഥ്യ മര്യാദ കുറയുന്നുവെന്ന കാരണത്താലാണ് എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനം.

യാത്രക്കാരോട് മാന്യമായി പെരുമാറാനും എപ്പോഴും പുഞ്ചിരിക്കാനും നല്ലൊരു അനുഭവം യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ നല്‍കേണ്ടതുണ്ടെന്നും എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വിനി ലോഹനി പറഞ്ഞു. ഇതു സംബന്ധിച്ച് എയര്‍ഹോസ്റ്റസുമാര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്.

ALSO READ: മലപ്പുറത്ത് ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ അപകടം; മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു

വിമാനം 30 മിനിറ്റിലേറെ താമസിച്ചാല്‍ എയര്‍പോര്‍ട്ട് മാനേജരും സ്റ്റേഷന്‍ മാനേജരും എത്രയും വേഗം യാത്രക്കാരെ സമീപിച്ച് അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ലഭ്യമാക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.

എയര്‍ ഇന്ത്യയുടെ യാത്രാ സമയങ്ങളില്‍ ഉണ്ടാകുന്ന വീഴ്ച പരിഹരിക്കാനാണ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി ഡയറക്ടര്‍ ബോര്‍ഡ് എത്തിയത്. വിമാനത്തില്‍ യാത്ര ചെയ്യുന്ന ഭിന്നശേഷിയുള്ള യാത്രക്കാരെ അവഗണിക്കുന്നുവെന്നും, ജീവനക്കാര്‍ക്കിടയില്‍ തന്നെ അതൃപ്തിയും കലഹവും ഉണ്ടാകുന്നുവെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെല്ലാമുള്ള പരിഹാരമാണ് ലോഹനി മുന്നോട്ട് വെക്കുന്നത്.