ന്യൂദല്‍ഹി: കടം കയറിയ എയര്‍ ഇന്ത്യയുടെ വില്‍പന ലേലത്തില്‍ പങ്കെടുത്ത് ടാറ്റാ സണ്‍സ് കമ്പനി. ലേലവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ഇന്ന് തീര്‍പ്പാക്കുമെന്നാണ് പ്രതീക്ഷ.
ടാറ്റാക്ക് പുറമേ മറ്റ് പലരും വിമാന കമ്പനിക്ക് ലേലത്തുക സമര്‍പ്പിച്ചതായി സാമ്പത്തികകാര്യ മന്ത്രാലയം അറിയിച്ചു. ലേലപ്രക്രിയ അതിന്റെ അവസാന ഘട്ടത്തിലാണെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് വിഭാഗം സെക്രട്ടറി അറിയിച്ചു.
ലേലം സംബന്ധിച്ച എല്ലാ കാര്യങ്ങളും സെപ്റ്റംബര്‍ 15ന് അവസാനിപ്പിക്കുമെന്നും തീയതിയില്‍ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നേരത്തേ അറിയിച്ചിരുന്നു.
നിലവില്‍ ഏകദേശം 43,000 കോടി രൂപയുടെ കടമാണ് എയര്‍ ഇന്ത്യക്ക് ഉള്ളത്. മുംബൈയിലെ എയര്‍ ഇന്ത്യ കെട്ടിടവും ദല്‍ഹിയിലെ എയര്‍ലൈന്‍സ് ഹൗസും കച്ചവട ലേലത്തിന്റെ ഭാഗമാണ്.