| Tuesday, 30th April 2019, 3:11 pm

ബാലാകോട്ടിനുശേഷം പാക് വ്യോമമേഖല അടച്ചിട്ടു; എയര്‍ ഇന്ത്യയ്ക്കുണ്ടായ നഷ്ടം 300 കോടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഫെബ്രുവരിയിലെ ബാലാകോട്ട് ആക്രമണത്തിനുശേഷം പാക്കിസ്ഥാന്റെ വ്യോമമേഖല അടച്ചിട്ടതുകാരണം എയര്‍ ഇന്ത്യയ്ക്കുണ്ടായ നഷ്ടം 300 കോടി. പാക്കിസ്ഥാന്റെ വ്യോമമേഖല അടച്ചിട്ടതിനാല്‍ യു.എസ്, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാന്‍ ദൂരംകൂടിയ വഴി ആശ്രയിക്കേണ്ടി വന്നതാണ് നഷ്ടത്തിന് കാരണം.

വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്ന ഒ.പി.എസ് ഗ്രൂപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നത് വ്യോമമേഖലയിലെ ഈ നിയന്ത്രണം ദിവസം 350 വിമാനങ്ങളെ ബാധിക്കുന്നുണ്ടെന്നാണ്.

സുപ്രധാന വ്യാമ ഇടനാഴിയുടെ മധ്യത്തിലാണ് പാക്കിസ്ഥാന്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ പലപ്പോഴും നേരിട്ട് പാക്കിസ്ഥാനിലൂടെ കടന്നുവരികയാണ് ചെയ്യാറുള്ളത്.

എന്നാലിപ്പോള്‍ വിമാനം വായുവില്‍ കൂടുതല്‍ സമയം തുടരേണ്ടി വരുന്നതിനാല്‍ എയര്‍ ഇന്ത്യയ്ക്ക് ഇന്ധന ചിലവുകളും ക്യാമ്പിന്‍ സ്റ്റാഫുകളുടെ ചിലവുകളും കൂടുന്നു. ഒപ്പം ചില വിമാനങ്ങള്‍ വെട്ടിച്ചുരുക്കേണ്ടി വന്നതും കൂടിയായതോടെ ദിവസം ആറ് കോടിയുടെ നഷ്ടമുണ്ടെന്നാണ് വിലയിരുത്തല്‍.

ഈ നഷ്ടം നികത്തണമെന്നാവശ്യപ്പെട്ട് എയര്‍ ഇന്ത്യ കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.

ദല്‍ഹിയില്‍ നിന്നും യു.എസിലേക്കു പോകുന്ന വിമാനം നിലവില്‍ രണ്ട് മുതല്‍ മൂന്നു മണിക്കൂര്‍ വരെ അധികം എടുത്താണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. യൂറോപ്പിലേക്കുള്ള വിമാനം ഏതാണ്ട് രണ്ട് മണിക്കൂര്‍ അധിക സമയം എടുക്കുന്നുണ്ട്.

യൂറോപ്പില്‍ നിന്നും മറ്റും ഇന്ത്യയിലേക്ക് വരുന്ന വിമാനങ്ങളേയും ഇത് ബാധിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more