ന്യുദല്‍ഹി: പൈലറ്റുമാരുടെ സമരത്തിനെതിരെ എയര്‍ ഇന്ത്യ ദല്‍ഹി ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു. സമരം നിയമവിരുദ്ധമാണെന്ന് കോടതി പ്രഖ്യാപിച്ചിട്ടും ഇന്ത്യന്‍ പൈലറ്റ്‌സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ പൈലറ്റുമാര്‍ നടത്തുന്ന സമരം കോടതിയലക്ഷ്യമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പൈലറ്റുമാര്‍ സമരം അവസാനിപ്പിച്ച് ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നും അല്ലാത്ത പക്ഷം കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും ഇക്കഴിഞ്ഞ 17ന് കോടതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞ 16 ദിവസമായി തുടരുന്ന സമരത്തില്‍ 200ഓളം പൈലറ്റുമാരാണ് പങ്കെടുക്കുന്നത്.
ഇതിനിടയില്‍ പൈലറ്റുമാരുടെ സമരവുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ വ്യോമയാന മന്ത്രി അജിത് സിങ്ങിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. സമരം അവസാനിപ്പിക്കാന്‍ ഒരു ശ്രമവും നടത്താത്ത മന്ത്രി സഭയ്ക്ക് പുറത്ത് നയപരമായ പ്രഖ്യാപനങ്ങള്‍ നടത്തുകയാണ് എന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തിയത്.
അതേസമയം പൈലറ്റുമാര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല എന്നാണ് അജിത് സിങ് സഭയെ അറിയിച്ചത്. എയര്‍ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും ബാങ്കുകള്‍ വായ്പ നല്‍കാന്‍ മടിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പൈലറ്റുമാര്‍ സമരം തുടരുന്നത് എയര്‍ ഇന്ത്യയ്ക്ക് ദോഷമാണ് എന്നും മന്ത്രി അഭിപ്രായപ്പെട്ടു.