| Saturday, 1st February 2020, 9:21 am

കൊറോണ: വുഹാനില്‍നിന്ന് ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യാ വിമാനം തിരിച്ചെത്തി; സംഘത്തില്‍ 324 പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയിലെ വുഹാനില്‍ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ വ്യോമമാര്‍ഗം തിരികെ എത്തിച്ചു. 324 പേരാണ് രാവിലെ 7.26 ന് ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനം ഇറങ്ങിയത്.

വെള്ളിയാഴ്ച ഉച്ചയോടെ ദല്‍ഹിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംങ് 747 ജംബോ എയര്‍ക്രാഫ്റ്റിലാണ് ഇന്ത്യന്‍ സംഘം തിരിച്ചെത്തിയത്. സംഘത്തിലെ 211 പേരും വിദ്യാര്‍ത്ഥികളാണ്.

234 പുരുഷന്മാരും 90 സ്ത്രീകളുമാണ് സംഘത്തിലുള്ളത്. 44 മലയാളികളും സംഘത്തിലുണ്ട്.
ആന്ധ്രയില്‍ നിന്നുള്ളവരാണ് സംഘത്തില്‍ കൂടുതലായുള്ളത്. 56 പേരാണ് ആന്ധ്രയില്‍ നിന്നുള്ളവര്‍.

തിരികെയെത്തിച്ചവരെ ഹരിയാനയിലെ മനേസറില്‍ ഒരുക്കിയ ഐസൊലേഷേന്‍ ക്യാമ്പിലേക്ക് മാറ്റും. 14 ദിവസം ഇവരെ നിരീക്ഷിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൂടുതല്‍ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അതേസമയം, ഹുബൈ പ്രവിശ്യയില്‍ വൈറസ് ബാധ മൂലം 45 മരണങ്ങള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹുബൈയില്‍ മരണപ്പെട്ടവരുടെ എണ്ണം 249 ആയി ഉയര്‍ന്നു.

ചൈനയൊഴികെയുള്ള രാജ്യങ്ങളില്‍ ഇതു വരെ കൊറോണ മൂലം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യ, ജര്‍മ്മനി, ജപ്പാന്‍, തായ്‌ലാന്‍ഡ്, ദക്ഷിണകൊറിയ, ഓസ്‌ട്രേലിയ, വിയറ്റ്‌നാം, സിങ്കപ്പൂര്‍, ഹോങ്കോങ്, ഫിലിപ്പീന്‍സ്, യു.എസ് എന്നീ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കൊറോണ വൈറസ് വിവിധ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

വൈറസുകളുടെ ഒരു കൂട്ടമാണ് കൊറോണ. ഈ വൈറസുകളില്‍ ആറെണ്ണം മാത്രമാണു മനുഷ്യരില്‍ പടരുന്നത്.

2002 ല്‍ ചൈനയില്‍ പടര്‍ന്നു പിടിക്കുകയും 774 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത സാര്‍സ് (severe acute respiratory syndrome )എന്ന വൈറസ് ഒരു കൊറോണ വൈറസായിരുന്നു. ഇപ്പോള്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസിന്റെ ജെനിറ്റിക് കോഡും സാര്‍സും തമ്മില്‍ സാമ്യമുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more