[share]
[]ന്യൂദല്‍ഹി: വൈകിയെത്തിയ പത്ത് എയര്‍ ഹോസ്റ്റസുമാരെ എയര്‍ ഇന്ത്യ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.
എയര്‍ഹോസ്റ്റ്മാര്‍ വൈകിയെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച വിമാനം പുറപ്പെടാന്‍ വൈകിയിതാണ് കടുത്ത നടപടിയെടുക്കാന്‍ എയര്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടമായേക്കുമെന്ന് എയര്‍ ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കി.
തോന്നിയ സമയത്ത് കയറിവരുന്ന വിമാനത്തിലെ കാബിന്‍ ക്രൂ ജീവനക്കാരുടെ എണ്ണം വര്‍ധിച്ചത് യാത്രക്കാരെ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയിതെത്തിച്ചതും എയര്‍ ഇന്ത്യയെ ചൊടിപ്പിച്ചിട്ടുണ്ട്.
കാബിന്‍ ക്രൂ ജീവനക്കാര്‍ എത്താന്‍ വൈകിയത് മൂലം യാത്ര പുറപ്പെടാന്‍ വൈകിയ ദല്‍ഹി-ചിക്കാഗോ ഫ്‌ളൈറ്റിലെ നാല് എയര്‍ ഹോസ്റ്റസ്മാരെയാണ് ആദ്യം പിരിച്ചുവിട്ടത്. പിന്നീട് ഞായറാഴ്ച വൈകുന്നേരമാണ് ആറുപേരെ കൂടി പിരിച്ചുവിട്ട നടപടിയുണ്ടായത്.
ജീവനക്കാര്‍ വൈകി എത്തുന്നത് മൂലം വിമാനം പുറപ്പെടാന്‍ വൈകുന്നത് ഈ വര്‍ഷം തുടക്കം മുതല്‍ പതിവായിരുന്നു. ദല്‍ഹി വിമാനത്താവളത്തില്‍ നിന്നും ഫെബ്രുവരി 13-ന് ആസ്‌ട്രേലിയയിലേക്ക് പുറപ്പടേണ്ട വിമാനത്തിലെ നാല് എയര്‍ ഹോസ്റ്റസ്മാര്‍ കൃത്യസമയത്ത് എത്തിയിരുന്നില്ല.
ഇവരില്‍ ഒരാള്‍ വിമാനം പുറപ്പെടേണ്ട സമയത്തിന് രണ്ട് മണിക്കൂറിന് ശേഷമാണ് വിമാനത്താവളത്തില്‍ എത്തിയത്. മറ്റൊരാള്‍ ദുബായ് വരയേ പോകാന്‍ കഴിയുകയുള്ളുവെന്നും അറിയിച്ചു. മറ്റ് രണ്ടുപേര്‍ ജോലിക്കെത്താന്‍ കഴിയില്ലെന്ന് അറിയിക്കുകയുമായിരുന്നു.
ഇതേ തുടര്‍ന്ന് വിമാനത്തില്‍ കൃത്യസമയത്തിന് ജോലിക്കെത്താത്തവര്‍ക്കെതിരെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതടക്കമുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് എയര്‍ ഇന്ത്യ നോട്ടീസിറക്കിയിരുന്നു.