| Wednesday, 8th January 2020, 5:54 pm

ഇറാന്‍ മിസൈല്‍ ആക്രമണം; ഇറാന്‍ വ്യോമപാത ഒഴിവാക്കി എയര്‍ ഇന്ത്യയും മറ്റ് വിമാന ഏജന്‍സികളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇറാഖിലെ യു.എസ് എയര്‍ ബേസുകളിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനങ്ങളുടെ റൂട്ടുകളില്‍ മാറ്റം വരുത്തി. ഇറാന്‍ വഴി പോകുന്ന വിമാനങ്ങളുടെ യാത്ര മാര്‍ഗത്തിലാണ് മാറ്റം വരുത്തിയത്.

അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള വിമാനങ്ങള്‍ ഇറാന്‍ വഴി പോകുന്നതാണ് നിര്‍ത്തലാക്കിയിരിക്കുന്നത്. ഇറാനിന്റെ വ്യോമപാതയിലൂടെ പോകുന്നതില്‍ മാറ്റം വരുത്തുന്നതോടെ യാത്ര സമയം കൂടുമെന്നും എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

‘യാത്രികരുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. ഇറാനിയന്‍ വ്യോമപാതയില്‍ ഉടലെടുത്തിരിക്കുന്ന സംഘര്‍ഷങ്ങള്‍ കാരണം താല്‍ക്കാലികമായി എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ഇറാന്‍ വ്യോമമാര്‍ഗം വഴി പോയിരുന്ന വിമാനങ്ങളുടെ പാതയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.’ എയര്‍ ഇന്ത്യ വക്താവായ ധനഞ്ജയ് കുമാര്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ദല്‍ഹിയില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങള്‍ക്ക് 20 മിനുറ്റും മുംബൈയില്‍ നിന്നുള്ളവയക്ക് 40 മിനിറ്റും ആയിരിക്കും ഇത് മൂലം സമയം കൂടുക.

നിരവധി സ്വകാര്യ വിമാന സര്‍വീസുകളും ഇറാന്‍ വഴിയുള്ള സര്‍വീസുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ആസ്‌ട്രേലിയന്‍ സര്‍വീസായ ക്വന്റാസ്, മലേഷ്യ എയര്‍ലൈന്‍സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് തുടങ്ങിയ സര്‍വീസുകള്‍ ഇറാന്‍ വഴിയുള്ള യാത്ര മാര്‍ഗത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

എല്ലാ കമ്പനികള്‍ക്കും ഇത് മൂലം സമയനഷ്ടമുണ്ടാകും. ഇന്ധനത്തിന്റെ കാര്യത്തില്‍ വലിയ തുക ചിലവാക്കേണ്ടിയും വരും.

റഷ്യന്‍ ഏവിയേഷന്‍ ഏജന്‍സി എല്ലാ റഷ്യന്‍ എയര്‍ ലൈനുകളോടും ഇറാന്‍, ഇറാഖ്, പേര്‍ഷ്യന്‍ ഗള്‍ഫ് എന്നീ വ്യോമപാതകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യുണൈറ്റഡ് അറബ് എമിറേറ്റ്‌സും യാത്രാ മാര്‍ഗങ്ങളില്‍ മാറ്റം വരുത്തി. ഖത്തര്‍ എയര്‍വേയ്‌സ് മാത്രമാണ് ഇതുവരെ തങ്ങളുടെ വിമാന സര്‍വീസുകളിലോ പാതയിലോ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുള്ളത്.

യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ എല്ലാ അമേരിക്കല്‍ പൈലറ്റുകളോടും ഇറാന്‍ വഴിയുള്ള യാത്ര ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബാഗ്ദാദില്‍ വെച്ച് നടന്ന വ്യോമാക്രമണത്തില്‍ ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സുലൈമാനിയുടെ വധത്തിന് മറുപടിയായി ഇറാഖിലെ അമേരിക്കന്‍ സൈനികതാവളങ്ങളില്‍ ഇറാന്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇറാഖിലെ ഇര്‍ബിലിലേയും അല്‍ അസദിലേയും രണ്ട് യു.എസ് സൈനിക താവളങ്ങളിലാണ് ഇറാന്‍ വ്യോമാക്രമണം നടത്തിയത്.12-ഓളം മിസൈലുകള്‍ ആണ് സൈനികതാവളങ്ങളില്‍ ഇറാന്‍ വിക്ഷേപിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more